Latest NewsKerala

പ്രളയകാലത്തെപോലെ കേരള പുനർനിർമാണത്തിലും ഒറ്റക്കെട്ടായി നിൽക്കണം: മുഖ്യമന്ത്രി

പുനർനിർമാണത്തിൽ യുവാക്കളുടെ സേവനം വിനിയോഗിക്കും

തിരുവനന്തപുരം : പ്രളയകാലത്ത് ഒരുമിച്ചതുപോലെ ആബാലവൃദ്ധം ജനങ്ങളും കേരള പുനർനിർമാണത്തിലും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂസ് 18 കേരളം സംഘടിപ്പിച്ച റൈസിംഗ് കേരള കോൺക്‌ളേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല രീതിയിൽ ഒന്നിച്ചു നിൽക്കേണ്ട ഘട്ടത്തിൽ ഭിന്നതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മതനിരപേക്ഷതയാണ് കേരള സമൂഹത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന് അതിജീവിച്ചേ മതിയാകൂ. അതിന് പണമൊന്നും പ്രശ്‌നമാവില്ല. അസാമാന്യമായ അതിജീവന ശക്തിയുള്ളവരാണ് മലയാളികൾ. വരും ദിനങ്ങളിൽ ആ കരുത്ത് കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഒരു വാർഡിൽ 75 തെങ്ങിൻതൈകൾ വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ കേരളത്തിനായി ഓരോ മേഖലയിലും ഇത്തരത്തിൽ പദ്ധതികൾ നടപ്പാക്കും. യുവജനങ്ങളുടെ തൊഴിൽ അവസരങ്ങൾ വർദ്ധിക്കണം. അതിന് പുതിയ നിക്ഷേപങ്ങൾ വരണം. കേരളത്തിന്റെ നിക്ഷേപ സൗഹൃദ നടപടികൾ ഇതിന് സഹായിക്കും. മലയാളികളായ പ്രധാന വ്യവസായികൾ വിചാരിച്ചാൽ തന്നെ വൻ നിക്ഷേപം ഇവിടെയെത്തും. നിസാൻ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ വന്നു കഴിഞ്ഞു. കൂടുതൽ പേർ വരാൻ തയ്യാറായി നിൽക്കുന്നു.

കേരള പുനർനിർമാണത്തിന് ലഭിക്കുന്ന തുക സുതാര്യമായി വിനിയോഗിക്കും. പുനർനിർമാണത്തിന്റെ പുരോഗതി പണം നൽകുന്നയാൾക്ക് വിലയിരുത്താനാവും എന്നതാണ് സംസ്ഥാനം ആവിഷ്‌കരിച്ച ക്രൗഡ് ഫണ്ടിംഗിന്റെ പ്രത്യേകത. ദുരന്തവേളയിൽ യുവജനങ്ങളുടെ ഇടപെടൽ വലുതായിരുന്നു. ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളിൽ അവരാണ് രംഗത്തിറങ്ങിയത്. പ്രതിസന്ധി ഘട്ടത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ യുവജനങ്ങൾ ഇറങ്ങുന്നത് കേരളത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്നു. വീട്, കെട്ടിട നിർമാണത്തിൽ കേരളത്തിലെ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സേവനം ഉപയോഗിക്കും. ആരോഗ്യ, സന്നദ്ധ പ്രവർത്തന മേഖലകളിലും വിനിയോഗിക്കും. നാടിന്റെ വികസനത്തിൽ പൊതുവേ എല്ലാവരും തത്പരരാണ്. നിർഭാഗ്യവശാൽ അത് ഇപ്പോൾ വേണ്ടെന്നാണ് ചിലരുടെ നിലപാട്. ഇത്തരം സങ്കുചിത വീക്ഷണം കാരണം അത്രയും വർഷം നഷ്ടപ്പെടുമെന്ന് അവർ ചിന്തിക്കുന്നില്ല. കേരളത്തെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് നടത്താൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണം. നവോത്ഥാനത്തിന്റെ മഹാവെളിച്ചത്തെ തല്ലിക്കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button