ശബരിമല: നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഭാഗികമായി ഇളവ് നല്കി. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാന്‍ അനുമതി നല്കി. അതേസമയം ഇവിടെ വിരിവയ്ക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവര്‍ക്ക് വിരവച്ച് താമസിക്കാന്‍ സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനായി സഹായം ആവശ്യമുള്ളവര്‍ക്ക് പൊലീസ് സേവനം നല്‍കും. വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും വിശ്രമിക്കാനുള്ള അവസരം ഇന്നലെ തന്നെ പൊലീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപ്പന്തലില്‍ താല്‍ക്കാലികമായി വിശ്രമിക്കാനും അവസരമൊരുക്കുന്നത്.
നെയ്യഭിഷേകത്തിനോ ദര്‍ശനത്തിനോ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാം സാധാരണ രീതിയിലാണ് നടക്കുന്നതെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് ചില അയവുകള്‍ പൊലീസ് നല്‍കുന്നതായുള്ള സൂചനകളാണ് നല്‍കുന്നത്. അതേസമയം മാളികപ്പുറത്തിന് സമീപം 25ഓളം ശരണ നാമജപം നടത്തിയപ്പോഴും പൊലീസ് ഇടപെട്ടില്ല. ഇവര്‍ പ്രത്യേകമായി ആവശ്യം ഉന്നയിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാത്തതിനാലാണ് പൊലീസ് മാറിനിന്നത്. വളരെ സമാധാനപരമായിരുന്നു രണ്ട് സംഘങ്ങളായി നാമജപം നടത്തിയത്.
ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയത്.
Post Your Comments