ഡൽഹി : തൊഴില്‍ വിസയില്‍ വിദേശത്തേക്ക് പോകുന്നവർക്ക് പുതിയ നിബന്ധനകൾ. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. 2019 ജനുവരി 1 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക.
നോണ്‍-ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും വെബ്സൈറ്റ് വഴി വിവരങ്ങള്‍ നല്‍കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ ജനുവരി മുതൽ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കും.
അഫ്‍ഗാനിസ്ഥാന്‍, ബഹറൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‍ലന്റ്, യുഎഇ, യമന്‍ എന്നീ രാജ്യങ്ങളില്‍ തൊഴിലിനായി പോകുന്നവരാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൈറ്റില്‍ ഇ.സി.എന്‍.ആര്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഓണ്‍ ലൈന്‍ അപേക്ഷ ഫോം പൂരിപ്പിക്കാം. മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഒ.ടി.പി ടൈപ്പ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 1800113090 (ടോള്‍ ഫ്രീ), 01140503090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ helpline@mea.gov.in .പത്താം ക്ലാസ് പഠനം പൂര്‍ത്തിയായ എല്ലാവരും നോണ്‍ ഇ.സി.ആര്‍ വിഭാഗത്തില്‍പെടും. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കാത്തവര്‍ പ്രോട്ടക്ഷന്‍ ഓഫ് എമിഗ്രന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് നേടണം.
Post Your Comments