ദോഹ : പ്രവാസികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കി ഖത്തര്‍ മന്ത്രാലയം. വ്യവസ്ഥകള്‍ക്കു വിധേയമായാണു പ്രവാസികള്‍ക്കു സ്ഥിരതാമസാനുമതി നല്‍കുക. 20 വര്‍ഷമായി നിയമപ്രകാരം ഖത്തറില്‍ തുടരുന്ന പ്രവാസികള്‍ക്കാണ് പിആര്‍പി ലഭിക്കുക. എന്നാല്‍ ഖത്തറില്‍ ജനിച്ചു വളര്‍ന്ന ഇവരുടെ കുട്ടികള്‍ക്ക് 10 വര്‍ഷം കൊണ്ട് പിആര്‍പി ലഭിക്കും. നല്ല പെരുമാറ്റവും സമൂഹത്തില്‍ ആദരവുമുള്ള വ്യക്തികള്‍ക്കാണു സഥിരതാമസത്തിന് അര്‍ഹത. മുമ്പ് ഏതെങ്കിലും തരത്തില്‍ നിയമനടപടി നേരിട്ടവരുടെ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമകാര്യവിഭാഗം നിയമഗവേഷക റീമ സലീഹ് അല്‍ മന പറഞ്ഞു. സ്ഥിരതാമസാനുമതിയുള്ള പ്രവാസികള്‍ക്കു നേരിട്ട് ഖത്തറില്‍ വ്യാപാര, വ്യവസായ സംരംഭങ്ങള്‍ തുടങ്ങാമെന്നതാണ് ഏറ്റവും വലിയ നേട്ടം. എന്നാല്‍ ഇതിനു മന്ത്രിസഭാനുമതി തേടേണ്ടതുണ്ട്. നിലവില്‍ വാണിജ്യ ലൈസന്‍സ് ലഭിക്കാന്‍ സ്വദേശി പങ്കാളിത്തം ആവശ്യമാണ്.
പിആര്‍പി ലഭിക്കുന്നവര്‍ക്കു മനാടെക്കിലും (സ്വതന്ത്ര നിക്ഷേപ മേഖലയിലെ കമ്പനികള്‍) നിക്ഷേപം നടത്താം. ഇതിനു പുറമേ ഖത്തറില്‍ വീടും ഓഫീസ് സമുച്ചയവും വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനാവും. ഒരു വര്‍ഷം 100 പ്രവാസികള്‍ക്കേ പിആര്‍പി നല്‍കൂ. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ ശുപാര്‍ശയില്‍ അമീറിന്റെ അനുമതിയോടെ കൂടുതല്‍ പേര്‍ക്ക് പിആര്‍പി അനുവദിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട് . നടപ്പാക്കല്‍ ചട്ടങ്ങള്‍ക്ക് അന്തിമരൂപമായാലുടന്‍ പിആര്‍പി നല്‍കിത്തുടങ്ങും. എന്നാല്‍ നടപ്പാക്കല്‍ ചട്ടങ്ങള്‍ക്ക് അന്തിമാംഗീകാരം ലഭിക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി വേണ്ടിവന്നേക്കുമെന്നും അവര്‍ സൂചിപ്പിച്ചു. സ്ഥിരതാമസാനുമതിക്ക് അര്‍ഹരായ പ്രവാസികളെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രത്യേകസമിതി രൂപീകരിക്കും.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2ലും ഇതിനായി പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. പിആര്‍പി ലഭിക്കാന്‍ അറബിക് ഭാഷാപ്രാവീണ്യവും ഒരു ഘടകമാണ്. അറബിക് ഭാഷാപരിജ്ഞാനം പരിശോധിക്കാനും മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക സമിതി ഉണ്ടാകും. എന്നാല്‍ സ്വദേശികളെപ്പോലെ ആഴത്തിലുള്ള ഭാഷപരിജ്ഞാനം പ്രവാസികള്‍ക്ക് ആവശ്യമില്ലെന്നും അവര്‍ വിശദീകരിച്ചു.
Post Your Comments