പ്രധാനമന്ത്രി പദം കൈവരിക്കുന്നതിനു മുമ്പുതന്നെ വിവാദങ്ങളുടെ തോഴനായ വ്യക്തിയാണ് നരേന്ദ്രമോദി. ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ കലാശപ്പോരുകള്‍ മുറുകിയിരിക്കുന്ന സമയത്ത് മോദിക്കെതിരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി ‘നരേന്ദ്രമോദി: ക്രിയേറ്റീവ് ഡിസ്റപ്റ്റര്‍-ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ'(Mdi: Creative Disruptor – The Maker Of New India) എന്ന പുസ്തകം വരുന്നു. ബിജെപിയുടെ ഇന്റലെക്ച്വല്‍ സെല്‍ മുന്കണ്വീനറായ ആര്. ബാലശങ്കറാണ് 300 പേജുള്ള ഈ പുസ്തകം രചിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി എന്ന നിലയില്‍ മോദി എടുത്ത തീരുമാനങ്ങള്‍ക്കെതിരെ നാനാ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും വിവാദ പരാമര്‍ശങ്ങള്‍ക്കും നല്കുന്ന മറുപടിയാണ് പുസ്തകമെന്ന് ആര്.ബാലശങ്കര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.17 അധ്യായങ്ങളുള്ള പുസ്തകത്തില്‍ അവാര്‍ഡ് വാപ്പസി, നോട്ട് നിരോധനം, ന്യൂനപക്ഷ പ്രശ്നങ്ങള്‍, കിട്ടാക്കടം, റഫാല്‍ ഇടപാട്, വിദേശ നയം, മോദിയും അമിത്ഷായും തമ്മിലുള്ള ബന്ധവും സാമൂഹ്യ പരിഷ്കരണവും, തുടങ്ങി കഴിഞ്ഞ നാലര വര്‍ഷത്തെ ബി.ജെ.പി ഭരണത്തിനിടയിലുണ്ടായ എല്ലാ പ്രധാന വിവാദ വിഷയങ്ങളും പുസ്തകം ചര്‍ച്ച ചെയ്യുന്നു. 40 ഓളം ‘അപൂര്‍വ്വവും പ്രസക്തവു’മായ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇംഗ്ലീഷില്‍ ആണ് ഇറങ്ങുന്നത്. പിന്നീട് അവ ഹിന്ദി, ഗുജറാത്തി, പഞ്ചാബി, മറാത്തി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലേക്കു കൂടി പരിഭാഷപ്പെടുത്താനും 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ലക്ഷം കോപ്പികള്‍ ജനങ്ങളിലെത്തിക്കാനുമാണ് ശ്രമം
മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തുന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ്. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി ആമുഖവും, നിധിന് ഗഡ്കരി തന്റെ കാഴ്ചപ്പാടുകളും എഴുതിയിരിക്കുന്നു. ഡിസംബര്‍ ആദ്യവാരത്തോടെയായിരിക്കും പുസ്തകപ്രകാശനം നടക്കുക. ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പുസ്തക പ്രകാശനം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments