ന്യൂഡല്‍ഹി: രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ തന്ത്രം പയറ്റുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി വസുന്ധരയുടെ അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയാതെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മാനവേന്ദ്ര സിംഗിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയാണ് കോണ്‍ഗ്രസ് പുതിയ കളം ചവിട്ടുന്നത്. വസുന്ധര മൂന്ന് തവണ വിജയിച്ച ഝല്രാപ്തന് മണ്ഡലത്തില്‍നിന്നുമാണ് മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിനായി ജനവിധി തേടാന്‍ ഒരുങ്ങുന്നത്.
രാജസ്ഥാനില്‍ ബിജെപിയുടെ വലിയൊരു വോട്ട് ബാങ്കായ രജപുത്രവിഭാഗത്തില് വലിയ സ്വാധീനമുള്ള നേതാവാണ് മാനവേന്ദ്ര സിംഗ്. സംസ്ഥാനത്ത് ഏഴു ശതമാനം രജപുത്രരാണ് ഉള്ളത്. ഇവര്‍ പരന്പരാഗതമായി ബിജെപിക്ക് വോട്ടു ചെയ്യുന്നവരാണ്. എന്നാല്‍ മാനവേന്ദ്ര സിംഗ് വരുന്നതോടെ രജപുത്രരും ഗുജ്ജാറുകളും കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നാണ് പാര്‍ട്ടി കരുതുന്നത്. ബിജെപിയെ രാജസ്ഥാനില്‍ നിന്നു തന്നെ തൂത്തെറിയുമെന്നാണ് മാനവേന്ദ്ര സിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്വന്ത് സിംഗിന്റെ മകനും മുന്‍ ബിജെപി എംഎല്‍എ കൂടിയാണ് മാനവേന്ദ്ര സിംഗ്.
Post Your Comments