ബംഗളൂരു : രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. നവദമ്പതികളെ കൈകാലുകൾ കൂട്ടിക്കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് കർണാടകത്തിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയത്.
അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് യുവാവിന്റെ മൃതശരീരം പുഴയിൽ പൊങ്ങിവന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം അതേയിടത്ത് തന്നെ ഒരു പെൺകുട്ടിയുടെ മൃതശരീരവും പൊങ്ങി വന്നു. ഇരുവരെയും ഒരുമിച്ച് കൊലപ്പെടുത്തിയതാകാമെന്ന പോലീസിന്റെ സംശയമാണ് ദുരഭിമാനക്കൊലയാണെന്ന് തെളിയിച്ചത്.
തമിഴ്നാട് ഉൾപ്പെടെയുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളുൾപ്പെടെ സന്ദേശങ്ങൾ കൈമാറിയിരുന്നു. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സ്വാതിയുടെ പിതാവ് ശ്രീനിവാസയെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് സ്വാതിയും നന്ദിഷും രഹസ്യമായി വിവാഹിതരായി തമിഴ്നാട്ടിൽ നിന്ന് കർണാടകയിലെത്തിയതാണ്. എന്നാൽ ഒളിച്ചു താമസിച്ചിരുന്ന ഇവരെ സ്വാതിയുടെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. നന്ദേഷ് ദളിത് സമുദായാംഗമാണ്. ബന്ധുക്കൾ തന്നെയാണ് ഇരുവരെയും കാറിൽ കയറ്റി കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇരുവരുടെയും കൈകാലുകൾ ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു.
Post Your Comments