ശ്രീനഗര്‍: രാത്രിയുടെ നിശബ്ദതയിലും ആ പിതാവിന്റെ ഹൃദയമിടിപ്പ് ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. മരിച്ചു വിറങ്ങലിച്ച രണ്ടു വയസ്സുകാരന്‍ മകന്‍ മനാന്റെ ശരീരവുമേറ്റി പിതാവ് മുഹമ്മദ് സുല്‍ത്താന്‍. ജമ്മുവില്‍ നിന്ന് കിഷ്തവാറിലേക്ക് ബസില്‍ യാത്ര ചെയ്തത് 12 മണിക്കൂറാണ്. മനാന് ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കിഷ്ത്വാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചില മരുന്നുകള്‍ നല്‍കിയെങ്കിലും ജമ്മുവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ജമ്മുവിലേക്ക് പോകാന്‍ ആംബുലന്‍സ് വിട്ടുകിട്ടാനായി കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അംഗ്രേസ് സിങ് റാണയെ സമീപിച്ചെങ്കിലും അയാളത് അവഗണിച്ചുവെന്ന് സുല്‍ത്താനും ബന്ധുവായ മുസാഫര്‍ ഹുസൈനും പറഞ്ഞു.
അബാബീല്‍ എന്ന സന്നദ്ധസംഘടനയുടെ സഹായം തേടിയെങ്കിലും ആംബുലന്‍സിന് പണം നല്‍കാനില്ലാത്തതു കൊണ്ട് അതും നടന്നില്ല. ഒടുവില്‍ പണം സംഘടിപ്പിച്ച് പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും മനാന്റെ ജീവന്‍ വിധി തട്ടിയെടുത്തിരുന്നു. പിന്നീട് മൃതദേഹം കിഷ്ത്വാറിലേക്ക് എത്തിക്കാനുള്ള പരിശ്രത്തിലായിരുന്നു. പലരോടും അപേക്ഷിച്ചു. ആരും ചെവിക്കൊണ്ടില്ല. ഒടുവില്‍ 230 കിലോമീറ്റര്‍ ദൂരമാണ് മരവിച്ച ആ കുഞ്ഞു ശരീരം പുതപ്പില്‍ ഒളിപ്പിച്ച് ബസില്‍ യാത്ര നടത്തിയത്. ആറുമണിക്കൂര്‍ സ്റ്റാന്റില്‍ ബസിനായ് കാത്തിരുന്ന ശേഷമായിരുന്നു ആ യാത്ര. മൃതശരീരമാണ് എന്നറിഞ്ഞാല്‍ അവിടെയും യാത്ര നിഷേധിക്കുമെന്ന ഭയം ആ പിതാവിനുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ മനാന്റെ ശരീരം മറവു ചെയ്തു.പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ഇത്തരമൊരു വിധി ഉണ്ടാകരുതെന്നാണ് മുഹമ്മദ് സുല്‍ത്താന്‍ പറയുന്നത്. സമീപിച്ചവരാരെങ്കിലും തക്കസമയത്ത് സഹായിച്ചിരുന്നെങ്കില്‍ മനാന് ജീവന്‍ തിരിച്ചുകിട്ടുമായിരുന്നെന്നും അദ്ദേഹം പറയുന്നു.
Post Your Comments