KeralaLatest News

1100 പേർക്ക് ഉച്ചഭക്ഷണവും സ്വീകരണവും ഒരുക്കിയ സ്ഥലത്ത് പത്തുപേർ മാത്രം ; കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെ രോഷാകുലനായ തിരുവഞ്ചൂരിന്റെ ഉപവാസ സമരം

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെ രോഷാകുലനായ തിരുവഞ്ചൂരിന്റെ ഉപവാസ സമരം. 1100 പേർക്ക് ഉച്ചഭക്ഷണവും സ്വീകരണവും ഒരുക്കിയ സ്ഥലത്ത് പത്തോളം പ്രവർത്തകർ എത്തിയതാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ ചൊടിപ്പിച്ചത്.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നിന്നുമാണ് കാൽനട പ്രചരണ ജാഥ നടത്തിയത്. തിരുവഞ്ചൂർ നയിക്കുന്ന ജാഥ ഇന്നലെ രാവിലെ പുല്ലാട്ട് നിന്നുമാണ് പുറപ്പെട്ടത്. പിന്നീട് കോഴഞ്ചേരി വഴി ജാഥ ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തിയപ്പോൾ പ്രവർത്തകരുടെ എണ്ണം കുറഞ്ഞതാണ് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചത്.

പ്രവർത്തകരുടെ എണ്ണത്തിൽ കുറവ് കണ്ടതോടെ തിരുവഞ്ചൂര്‍ ഉപവാസം പ്രഖ്യാപിച്ച്‌ ഭക്ഷണം ബഹിഷ്‌കരിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ പദയാത്ര സ്റ്റേഡിയത്തിലെത്തുമ്പോള്‍ 35 പ്രവര്‍ത്തകര്‍ തിരുവഞ്ചൂരിനൊപ്പം ഉണ്ടായിരുന്നു. സ്വീകരണ സ്ഥലമായ പഞ്ചായത്ത് സ്റ്റേഡിയത്തിലാകട്ടെ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരും കാത്തു നിന്നു. 1100 പേര്‍ക്കാണ് ഇലന്തൂരിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്.

ഇവിടുത്തെ രംഗം കണ്ടതോടെ തിരുവഞ്ചൂര്‍ രോഷാകുലനായി. പിന്നെ ഉച്ചഭക്ഷണം ഉപേക്ഷിച്ച്‌ അഞ്ചു മണി വരെ ഉപവസിക്കാന്‍ തീരുമാനിച്ചു. സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും എത്തിച്ചേര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇത്രയും ഗൗരവമുള്ള ഒരു വിഷയം എത്ര നിസ്സാരമായിട്ടാണ് അണികൾ കാണുന്നതെന്ന് തിരുവഞ്ചൂർ ചോദിച്ചു.

അതേസമയം പുല്ലാട് നിന്ന് യാത്രയ്ക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കോഴഞ്ചേരിയിലും മല്ലപ്പുഴശേരിയിലും തങ്ങിയതിനാലും ഇലന്തൂരില്‍ വൈകിട്ട് മൂന്നു മണിയോടെ എത്തിച്ചേരാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനാലുമാണ് ആശയക്കുഴപ്പമുണ്ടായതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button