Latest NewsKerala

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം- അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി

തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിൽ ശബരിമലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായത്

തിരുവനന്തപുരം : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം സമാധാനപരമായരീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന അഭ്യർത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിൽ ശബരിമലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായത്. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :

ശബരിമലയില്‍ സമാധാനപരമായരീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ്സ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ആരാധനയ്ക്കായി എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തര്‍ക്ക് സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയില്‍ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ സംസ്ഥാനത്തിന്‍റെ തന്നെ യശസ്സിന് കോട്ടമുണ്ടാക്കും. മാത്രമല്ല, തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ കീര്‍ത്തിക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതിന് അത് ഇടയാക്കുമെന്ന് ഭക്തജനങ്ങള്‍ തിരിച്ചറിയണം.

ശബരിമലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിലുുണ്ടായത്. അതിന് നേതൃത്വം കൊടുത്തവര്‍ തന്നെ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്രത്തോളം ജാഗ്രത ഉണ്ടാവണം എന്ന് ഇത് സര്‍ക്കാരിനെയും ബഹുജനങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. ശബരിമലയെ അക്രമത്തിന്‍റെയും കലാപത്തിന്‍റെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായി ഒരു കാരണവശാലും മാറ്റാന്‍ അനുവദിച്ചുകൂട. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാനും അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാനും ചിലര്‍ക്ക് താത്പര്യമുണ്ടാകാം. അത്തരം താത്പര്യക്കാരുടെ കൈകളില്‍ കേരള ജനത ഒരിക്കലും പെട്ടുപോകരുത്.

ജനങ്ങളില്‍ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുന്നവിധം തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കുക എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നവമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനജീവിതത്തെ അസ്വസ്ഥമാക്കുന്നതിനുള്ള ഇടപെടലുകളും ചിലരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും ഇത്തരം പ്രചാരവേലകളെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. ശബരിമലയെയും സംസ്ഥാനത്തെയും സ്നേഹിക്കുന്നവരാരും ഇത്തരം പ്രചാരവേലകളില്‍ കുരുങ്ങിപ്പോകരുത്.

കേരളം ഇന്നേവരെ കണ്ടതില്‍ വച്ച് എറ്റവും വലിയ പ്രളയക്കെടുതിയെയാണ് നാം അതിജീവിച്ചത്. നാടിന്‍റെ പൊതുവായ താത്പര്യത്തിന് കീഴ്പ്പെട്ടുകൊണ്ട് നാം ഉയര്‍ത്തിപ്പിടിച്ച യോജിപ്പാണ് അതിനെ മറികടക്കാന്‍ നമുക്ക് ഈ സാഹചര്യമുണ്ടാക്കിയത്. ആ യോജിപ്പ് ഇക്കാര്യത്തിലും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനാവണം.
എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിച്ച് ജീവിക്കാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ട്. അതില്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനും. ഈ പരസ്പര ബഹുമാനമാണ് മതനിരപേക്ഷ ജീവിതത്തിന്‍റെ അടിത്തറയായി നിലനില്‍ക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളുമായി മുഴുവന്‍ ഭക്തജനങ്ങളും സഹകരിക്കണം. സമാധാനപരമായി ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കാനാണ് ഈ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാധാനപരമായ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇത്തരം ക്രമീകരണങ്ങളുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണം.

https://www.facebook.com/PinarayiVijayan/posts/2006111639480656

shortlink

Related Articles

Post Your Comments

Related Articles


Back to top button