KeralaLatest NewsIndia

മറ്റൊരു കവാടത്തിലൂടെ തൃപ്തി ദേശായിയെ പുറത്തെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടു, പ്രതിഷേധത്തിന് മുന്നില്‍ പകച്ച് പോലിസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തൃപ്തി ദേശായിയേ മറ്റൊരു പ്രവേശന കവാടത്തിലൂടെ പുറത്തെത്തിക്കാനുള്ള പോലിസ് നീക്കം പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട്. പ്രതിഷേധക്കാരുടെ ശക്തമായ പ്രതിഷേധം മൂലമാണ് ഈ നീക്കം പരാജയപ്പെട്ടത്. തൃപ്തി ദേശായിയെ ഹോട്ടലില്‍ എത്തിക്കാനാണ് പോലിസ് നീക്കം. എന്നാല്‍ ഇവരെ പുറത്തിറക്കാന്‍ സമ്മതിക്കില്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

പ്രതിഷേധം അഞ്ചു മണിക്കൂര്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ പോലിസിന് ആയിട്ടില്ല. തൃപ്തി ദേശായിയ്ക്ക് വാഹന സൗകര്യം നല്‍കാന്‍ ടാക്‌സിക്കാര്‍ തയ്യാറാവുന്നില്ല. ഓണ്‍ലൈന്‍ ടാക്‌സിക്കാരും സേവനം നല്‍കാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കി. സുരക്ഷയാണ് ഇവര്‍ ഉന്നയിക്കുന്ന വിഷയം. എന്ത് വന്നാലും ശബരിമലയില്‍ പോകുമെന്ന നിലപാടിലാണ് തൃപ്തി ദേശായി.

തൃപിതി ദേശായിയുമായി ഫോണില്‍ ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ഹിന്ദു ഐക്യവേദി സംഘടന നേതാക്കള്‍ അറിയിച്ചു. ഇവരുമായി ഫോണില്‍ ബന്ധപ്പെടാനാവുന്നില്ലെന്ന് ഹിന്ദു ഐക്യ വേദി നേതാവ് ആര്‍.വി ബാബു പറഞ്ഞു. തൃപ്തിയുടെ സുരക്ഷയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.

ശനിയാഴ്ച നട തുറക്കുമ്പോള്‍ തന്നെ മല കയറാന്‍ സൗകര്യമൊരുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നത്. സ്ത്രീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് തൃപ്തിയുടെ നിലപാട്.

തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്ന് പോകാനായി വാഹനം സജ്ജീകരിച്ചിരുന്നില്ല. തനിക്കും ഒപ്പമുള്ള അഞ്ച് സ്ത്രീകള്‍ക്കും താമസവും യാത്രയും അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് ഇത് തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button