തിരുവനന്തപുരം: യുദ്ധസമാനമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ശബരിമല മണ്ഡലകാലം. കരയിലും ആകാശത്തും നിരീക്ഷണം. തോക്കേന്തിയ കമാന്‍ഡോകള്‍. സന്നിധാനത്ത് താത്കാലിക ലോക്കപ്പുകള്‍. വെടിവയ്ക്കാന്‍ വരെ ഉത്തരവ് നല്കാന് അധികാരമുള്ള മജിസ്ട്രേട്ടുമാര്‍. എണ്ണൂറിലേറെ യുവതികള്‍ വെര്‍ച്വല്‍ക്യൂവില്‍ ബുക്ക് ചെയ്തിരിക്കുന്നതിനാല്‍ 63 ദിവസത്തെ തീര്‍ത്ഥാടനകാലം ആശങ്കയുടെ മുള്‍മുനയിലായിരിക്കും. യുവതികള്‍ വന്നാല്‍ അവര്‍ക്കായി പമ്ബ മുതല്‍ സന്നിധാനം വരെയുള്ള നാലര കിലോമീറ്റര്‍ സുരക്ഷാഇടനാഴിയാക്കാനാണ് പൊലീസ് പദ്ധതി. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം ആളെയെത്തിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് മറുപക്ഷം ഒരുങ്ങുന്നത്. ബുക്ക്ചെയ്ത യുവതികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും ആവശ്യപ്പെട്ടാല്‍ വഴിയൊരുക്കണമെന്നുമാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദന്‍ റോഡില്‍ യുവതികള്‍ക്കായി പ്രത്യേക പാതയൊരുക്കി വനിതാബറ്റാലിയനെയും കമാന്‍ഡോകളെയും വിന്യസിക്കും.
പൊലീസിന്റെ സുരക്ഷാസ്കീമും അപ്പാടെ മാറ്റിയിട്ടുണ്ട്. കാനനപാതയുടെ തുടക്കത്തില്‍ ചെക്ക്പോസ്റ്റുണ്ടാവും. ഇരുമുടിയുമായി മാവോയിസ്റ്റുകളും ഭീകരരും എത്താമെന്നതിനാല്‍ കാനനപാത സായുധപൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ ഫേസ്ഡിറ്റക്ഷന്‍ കാമറകളുണ്ട്. അക്രമമുണ്ടാക്കിയ 3000പേരുടെ ചിത്രങ്ങള്‍ സോഫ്റ്റ്വെയറിലുണ്ട്. ഇവരുടെ മുഖംപതിഞ്ഞാല്‍ കസ്റ്റഡിയിലെടുക്കാം. നിലയ്ക്കല്‍, മരക്കൂട്ടം, സന്നിധാനം, പമ്ബ,വടശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ പൊലീസ് കണ്ട്രോള് റൂമുകളുണ്ട്. സന്നിധാനത്ത് പ്രശ്നമുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കും. ഇവരെ പാര്‍പ്പിക്കാന്‍ ചില കെട്ടിടങ്ങള്‍ താത്കാലിക ലോക്കപ്പുകളാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകളില്ലാതെ പമ്ബ, നിലയ്ക്കല്‍, എരുമേലി ചെക്ക്പോസ്റ്റുകള്‍ കടക്കാനാവില്ല. അടിയന്തരഘട്ടത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പരിമിതപ്പെടുത്തും. ജനുവരി 20വരെ സുരക്ഷ തുടരും.
ആകാശത്ത്
സി.സി.ടി.വി, അനലൈസര്‍ കാമറകള്‍, വ്യോമ, നാവിക സേനകളുടെ വ്യോമനിരീക്ഷണം. ഹെലികോപ്ടറുകളും ഡോണിയര്‍ വിമാനങ്ങളും കൊച്ചി നാവിക ആസ്ഥാനത്ത് സജ്ജം. നിയല്ക്കലില്‍ ഹെലിപ്പാഡ്. എറണാകുളം ഐ.ജിക്ക് മേല്‍നോട്ടം. 200 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ വനമേഖലകളുടെ ദൃശ്യങ്ങള്‍ കണ്ട്രോള് റൂമിലേക്കയക്കും.
കരയില്‍
എ.ഡി.ജി.പിമാരായ ആനന്ദകൃഷ്ണന്റെയും അനില്‍കാന്തിന്റെയും നേതൃത്വത്തില്‍ 5000പൊലീസുകാര്‍. ഐ.ജിമാരായ വിജയ്സാക്കറെ സന്നിധാനത്തും മനോജ് എബ്രഹാം പമ്ബയിലും അശോക്യാദവ് നിലയ്ക്കലിലും. ഐ.ജി പി. വിജയനാണ് മൊത്തത്തിലുള്ള ചുമതല. തിരക്കുനിയന്ത്രിക്കാനും ക്രമസമാധാനത്തിനും ഐ.പി.എസുകാര്‍. വനിതാബറ്റാലിയന്‍, കമാന്‍ഡോ, ദ്രുതകര്‍മ്മസേന, വനിതാസ്പെഷ്യല്‍ പൊലീസ്. 50കഴിഞ്ഞ വനിതാ പൊലീസ് സന്നിധാനത്ത്.
പഴുതുകളടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്. അന്യസംസ്ഥാന പൊലീസ് ഇന്നെത്തും. ഭക്തര്‍ക്കെല്ലാം സുരക്ഷനല്‍കുമെന്നും ഡിജിപി ലോക്നാഥ്ബെഹ്റവ്യക്തമാക്കി.
Post Your Comments