കോഴിക്കോട്: ശബരിമല പ്രശ്നം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തെക്കാള്‍ ജനങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂടാതെ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് വിവേകപൂര്‍വം പെരുമാറാനുളള ചിന്ത പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തോമസ് ഐസക്ക് പറഞ്ഞു.
ശബരിമല ഉള്‍പ്പെടെയുളള അമ്പലങ്ങളില്‍ കാണിക്ക ഇടരുതെന്ന വലിയ പ്രചാരണം നടക്കുകയാണ്. ഇത് അമ്പലങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കിയേക്കാം. നിശ്ചയമായും അമ്പലങ്ങളുടെ ആവശ്യങ്ങള്‍ക്ക് കുറവ് വരരുത്. അപ്പോള്‍ സര്‍ക്കാരിന്റെ ബാധ്യത വര്‍ധിക്കും. നിലവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അല്ലാതെ ഭരണനിര്‍വഹണത്തിന് മാത്രമായി അമ്പലങ്ങള്‍ക്ക് 50 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ഒരു പക്ഷേ കൂടുതല്‍ നല്‍കേണ്ടി വരാമെന്ന് മന്ത്രി പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി ഇത്രയും ആളുകള്‍ കേരളത്തിലേക്ക് വരുമ്പോള്‍ അവര്‍ ദര്‍ശനം കഴിഞ്ഞ് ഒരു ദിവസം കേരളത്തില്‍ തങ്ങിയിട്ട് പോകുന്നതാണ് പതിവ്. എന്നാല്‍ ഇന്നത്തെ അന്തരീക്ഷം ഇതിനെയെല്ലാം പ്രതികൂലമായി ബാധിച്ചേക്കാം. അല്ലെങ്കില്‍ തന്നെ സന്ദര്‍ശകരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
പ്രളയമാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി. ഇത് സര്‍ക്കാരിനെ ബാധിക്കാമെന്ന് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments