Latest NewsKeralaIndia

ശബരിമലയില്‍ 80 ശതമാനം കടകളും ലേലം കൊണ്ടില്ല , ലേലത്തിൽ പോയത് നാമമാത്രമായ കടകൾ: കോടികളുടെ നഷ്ടത്തില്‍ ഞെട്ടി ദേവസ്വം ബോര്‍ഡ്

കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്ത് നടന്ന ലേലത്തില്‍ നിന്ന് ഭൂരിപക്ഷം വ്യാപാരികളും വിട്ടുനിൽക്കുകയാണുണ്ടായത്.

പത്തനംതിട്ട: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കൊപ്പം വ്യാപാരികളും ആശങ്കയിലായതോടെ ശബരിമലയില്‍ പ്രധാന വഴിപാട് ഇനങ്ങളുള്‍പ്പെടെ 80 ശതമാനത്തിലധികവും കടകളും ലേലം കൊള്ളാതെ കിടക്കുന്നു. പ്രധാന വഴിപാട് ഇനങ്ങളായ വെടിവഴിപാട്, പുഷ്പാലങ്കാരം, വഴിപാടിന് ആവശ്യമായ സ്വര്‍ണ്ണം വെള്ളി വില്‍പ്പന നടത്തുന്ന പൂജാസ്റ്റോര്‍ എന്നിവയും ഇതുവരെ ആരും ലേലം കൊണ്ടിട്ടില്ല.

നാമമാത്രമായ കടകളും ഹോട്ടലുകളും വിരികളും മാത്രമാണ് ഇന്നലെ ലേലത്തില്‍ പോയത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പൊലീസ് നടപ്പാക്കുന്ന കര്‍ശന സുരക്ഷാ നിയന്ത്രണം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നാണ് വ്യാപാരികള്‍ ആശങ്കപ്പെടുന്നത്. ഇക്കാരണത്താല്‍ കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്ത് നടന്ന ലേലത്തില്‍ നിന്ന് ഭൂരിപക്ഷം വ്യാപാരികളും വിട്ടുനിൽക്കുകയാണുണ്ടായത്. തുടക്കത്തില്‍ ഇ ടെണ്ടറിലൂടെ പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ കരാര്‍ ഗുരുവായൂര്‍ സ്വദേശി 1.66 കോടി രൂപയ്ക്ക് സ്വന്തമാക്കിയെങ്കിലും ശബരിമലയില്‍ നിരന്തരമായുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇയാള്‍ കരാറില്‍ നിന്ന് പിന്‍വാങ്ങി.

ഇന്നലെ വീണ്ടും നടത്തിയ ലേലത്തില്‍ 1.26 കോടി രൂപയ്ക്ക് കോട്ടയം കുറിച്ചി സ്വദേശിയാണ് ലേലം പിടിച്ചത്. ഇന്നലെ മാറ്റിവച്ച മിക്ക കടകളുടെയും ലേലം നാളെ സന്നിധാനത്ത് നടത്താനാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ ലേലം നടത്തിയത്. കുത്തക ലേലം എടുത്തശേഷം ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാവുകയോ സന്നിധാനത്ത് ഭക്തര്‍ എത്താതിരിക്കുകയോ ചെയ്താല്‍ ഉണ്ടാകുന്ന ഭീമമായ നഷ്ടം പരിഹരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പ് നല്‍കണമെന്ന ആവശ്യം വ്യാപാരികള്‍ ബോര്‍ഡിന് മുമ്പാകെ വച്ചു.

എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതോടെയാണ് ഭൂരിപക്ഷം പേരും ലേലത്തില്‍ നിന്ന് പിന്മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button