ന്യൂഡൽഹി : റാഫേല്‍ കരാറില്‍ അഴിമതി നടന്നുവെന്നാരോപിച്ചുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഹര്‍ജിക്കാരുടെ മുന്നില്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിലയെ സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കണോയെന്ന് കോടതി തീരുമാനിച്ചാല്‍ മാത്രമെ അതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുകയുള്ളുവെന്നും സുപ്രീം കോടതി പറഞ്ഞു.
വിമാനങ്ങളുടെ വിലവിവരം വെളിപ്പെടുത്തുന്നത് രാഷ്ട്രത്തിന്റെ സുരക്ഷയേ ബാധിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ഇതിന് മുമ്പ് റാഫേല്‍ കരാറിലെ വിവരങ്ങളെല്ലാം തന്നെ കേന്ദ്രം കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഈ വിവരങ്ങള്‍ ജഡ്ജിമാര്‍ക്ക് മാത്രമാണ് ലഭ്യമായത്. കേസിന്റെ വാദത്തില്‍ വ്യോമസേനയുടെ ഉദ്യോഗസ്ഥന് ഉണ്ടായിരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
ഇതേത്തുടര്‍ന്ന് എയര്‍ വൈസ് മാര്‍ഷല്‍ ചലപതി കോടതിയില്‍ ഹാജരാവുകയായിരുന്നു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിക്കാരില്‍ മുന്‍ കേന്ദ്ര മന്ത്രിയായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ് എന്നവരുള്പ്പെടും.
വില സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാണെന്നും വെളിപ്പെടുത്തിയാല്‍ ചില ശക്തികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം ബോധിപ്പിച്ചു. പാര്‍ലമെന്റില്‍ പോലും ചെലവ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ രഹസ്യമാണെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പലതും ഒളിക്കുകയാണെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വാദിച്ചു.
Post Your Comments