തിരുവനന്തപുരം: പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകമായി തുടരുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജീവിതശൈലീ രോഗങ്ങള്‍ നമ്മളെ വല്ലാതെ കീഴ്‌പ്പെടുത്തുകയാണ്. വളരെയധികം ആളുകളാണ് പ്രമേഹ രോഗം കാരണം ബുദ്ധിമുട്ടുന്നത്. ഏറ്റവുമധികം പ്രമേഹ രോഗികളുള്ള സംസ്ഥാനമാണ് കേരളം. ജീവിത ശൈലിയില്‍ മാറ്റം വരുത്താതെ പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ തടയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസില്‍ നടന്ന ലോക പ്രമേഹ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങള്‍ കണ്ടുപിടിക്കാനും ചികിത്സിക്കാനുമായി ഒരു എന്‍.സി.ഡി. കണ്‍ട്രോള്‍ ടീം തന്നെ ഉണ്ടാക്കി. ഇതുകൂടാതെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന ജീവിതശൈലി രോഗങ്ങള്‍ നിര്‍ണയിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസിനെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. പ്രമേഹത്തിനും അനുബന്ധ ചികിത്സകള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ആരംഭിച്ച സ്ഥാപനമാണിത്. ഇതിന്റെ വികസനത്തിനായി 13 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എന്റോക്രൈനോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഈ സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എന്റോക്രൈനോളജി വിഭാഗത്തില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറുടേയും രണ്ട് സീനിയര്‍ റെസിഡന്റുമാരുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലാദ്യമായി എന്റോക്രൈനോളജി വിഭാഗത്തില്‍ പി.ജി. കോഴ്‌സ് ആരംഭിച്ചു. ഗവേഷണ സംബന്ധമായ പരിപാടികള്‍ വിപുലപ്പെടുത്താന്‍ സര്‍ജറി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ജയന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷനേടാനായി ഒരു ഹെല്‍ത്ത് ക്ലബ്ബ് ആരംഭിച്ചു. കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ സൗരോര്‍ജ പ്ലാന്റ് സ്ഥാപിതമായത് ഈ ഇന്‍സ്റ്റിറ്റിയൂട്ടിലാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ആര്‍.വി. ജയകുമാര്‍, കൗണ്‍സിലര്‍ സിനി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഇന്‍സ്റ്റിറ്റിയൂട്ട് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.കെ. ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments