തിരുവനന്തപുരം: സനല്‍കുമാര്‍ കേസിലെ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ അവ്യക്തമായി തുടരുകയാണ്. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിക്കെതിരെ അന്വേഷണം ശക്തമായി തുടരുന്നതിനിടെയാണ് ഇന്നലെ രാവിലെ പത്തരയോടെ കല്ലമ്പലത്തെ വീട്ടിൽ ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹം ധരിച്ച പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
ഹരികുമാറിന്റെ വർഷങ്ങൾക്കു മുൻപ് മരിച്ച മകൻ അഖിലിന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ് ആരാണ് വച്ചതെന്ന സംശയത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ ഒൻപത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ കുഴിമാടത്തിലാണ് വാടാത്ത പൂവ് കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഹരികുമാർ വെച്ചതാകാം അല്ലെങ്കിൽ സമീപത്തെ ചെടിയിൽനിന്ന് വീണതാകാം എന്നിങ്ങനെ രണ്ടുവാദങ്ങളുണ്ട്.
ഹരികുമാറിന്റെ മൂത്ത മകൻ അഖിൽ അസുഖ ബാധിതനായിട്ടാണ് മരിച്ചത്. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു ആത്മഹത്യ കുറിപ്പില്‍ ഹരികുമാര്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ കല്ലമ്പലത്തെ വീട്ടില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ‘സോറി, ഞാന്‍ പോകുന്നു. എന്റെ മകനെ കൂടി ചേട്ടന്‍ നോക്കിക്കോണം,’ എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
Post Your Comments