News

വിവരാവകാശ നിയമപ്രകാരം സ്ഥാനാര്‍ത്ഥികള്‍ തേടുന്നത് സ്വന്തം ക്രിമിനല്‍ രേഖകള്‍

തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, എന്തിന് സാധാരണ പൗരന്‍മാര്‍ പോലും വിവരാവകാശ നിയമത്തിന്റെ സഹായം തേടാറുണ്ട്. ചിലസമയങ്ങളില്‍, സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ എതിരാളികളെക്കുറിച്ച് അറിയാനും ഇത് ഉപയോഗിക്കുന്നു. എന്നാല്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് മുമ്പ് വിവരാവകാശനിയമത്തിന്റെ സഹായം തേടി സ്ഥാനാര്‍ത്ഥികള്‍ തന്നെ കൂട്ടത്തോടെ എത്തി.

എതിര്‍സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ ശേഖരിക്കാനല്ല സ്വന്തം പേരില്‍ എത്ര കേസുകളുണ്ടെന്ന് അറിയാനാണ് മിക്ക സ്ഥാനാര്‍ത്ഥികളും വിവരാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലാണ് സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ രേഖകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്.

പ്രചാരത്തിലുള്ള പത്രങ്ങള്‍ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയും സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ രേഖകള്‍ ജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. മൂന്നു തവണയെങ്കിലും ഇക്കാര്യം പരസ്യപ്പെടുത്തണമെന്നായിരുന്നു സെപ്തംബര്‍ 25 ന് സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. അപര്യാപ്തമോ തെറ്റായ വെളിപ്പെടുത്തലോ നടത്തിയിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി നിയമനടപടികള്‍ നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ സ്വയം തങ്ങളുടെ ക്രമിനല്‍ രേഖകള്‍ ശേഖരിക്കുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, മിസോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാന നിയമസഭകളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സെപ്തംബര്‍ 25 ലെ കോടതി നിര്‍ദേശം സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രാവര്‍ത്തികമാക്കേണ്ടുന്ന ആദ്യതെരഞ്ഞെടുപ്പാണിത്. ഇവരുടെ അപേക്ഷയില്‍ ത്വരിതഗതിയില്‍ റിപ്പോര്‍ട്ട് നല്‍കിവരികയാണ് പൊലീസ് വകുപ്പ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button