കണ്ണൂര്‍ : വിവാഹത്തിന് വധു എത്തിയത് ഒറ്റ ആഭരണങ്ങള്‍ അണിയാതെയും പൂ ചൂടാതെയും.. മുഹൂര്‍ത്തവും താലി ചാര്‍ത്തലും ഇല്ലാതെ ഈ വിവാഹം മംഗളമായി തന്നെ നടന്നു. പട്ടുസാരിയും മുല്ലപ്പൂവും ചൂടി സര്‍വാഭരണങ്ങളും അണിഞ്ഞ കല്യാണപെണ്ണിനെ പ്രതീക്ഷിച്ച് വന്നവര്‍ക്ക് തെറ്റി.
അങ്ങനെ മുഹൂര്‍ത്തവും താലി ചാര്‍ത്തലും മോതിരം മാറലുമൊന്നും ഇല്ലാതെ ഇന്ദുലേഖ വിനീതിന്റെ ജീവിതസഖിയായി. ഒരുതരി സ്വര്‍ണം പോലും അണിയാതെ കല്യാണപെണ്ണിന്റെ അണിഞ്ഞൊരുങ്ങലൊന്നും ഇല്ലാതെയാണ് ഇന്ദുലേഖ വിവാഹിതയായത്. തലയില്‍ ഒറ്റ പുവുപോലും ഇല്ലായിരുന്നു.
തോട്ടട കിഴുന്നയിലെ മതിയമ്പത്ത് വീട്ടില്‍ കൈലാസിന്റെയും ഷെമിയുടെയും മകള്‍ ഇന്ദുലേഖയാണ് കതിര്‍മണ്ഡപത്തിലെ ചടങ്ങുകളില്ലാതെ, ഒരു തരി സ്വര്‍ണം പോലും അണിയാതെ വിവാഹിതയായത്. ജീവിതത്തില്‍ വ്യത്യസ്തമായ വഴികള്‍ തിരഞ്ഞെടുത്ത കൈലാസ് മകളുടെ വിവാഹത്തിനും മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കുകയായിരുന്നു. ചെടികളിലെ പൂക്കള്‍ പറിക്കരുതെന്ന കാഴ്ചപ്പാടുള്ള കൈലാസിന്റെ മകളുടെ വിവാഹത്തിന് പൂക്കളും ഉപയോഗിച്ചില്ല. ഞായറാഴ്ച മേലേചൊവ്വ സഹന ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിലാണ് കൈലാസ് മകളെ അടൂര്‍ പനോനേരി ഇല്ലത്തക്കണ്ടി ഹൗസില്‍ വിനീതിനെ കൈപിടിച്ച് ഏല്‍പ്പിച്ചത്. അതിഥികള്‍ക്ക് സദ്യവട്ടങ്ങളൊരുക്കിയിരുന്നു.
അനസ്തേഷ്യ ടെക്നോളജിയില്‍ ബിരുദധാരിയാണ് ഇന്ദുലേഖ. വിജയന്‍ പത്മിനി ദമ്പതികളുടെ മകനാണ് ബഹ്റിനില്‍ ജോലി ചെയ്യുന്ന വിനീത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈലാസും തേടിയത് ആഭരണങ്ങളൊന്നും അണിയാത്ത ഒരു പെണ്ണിനെയായിരുന്നു. അങ്ങനെയാണ് കാതുപോലും കുത്താത്ത ഗുരുവായൂര്‍ സ്വദേശിനി ഷെമിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഇവരുടെ പെണ്‍മക്കള്‍ ഇന്ദുലേഖയും ചിത്രലേഖയും മകന്‍ ധര്‍മ്മേന്ദ്രയും ആഭരണങ്ങള്‍ ആഗ്രഹിച്ചിട്ടില്ല.
ഉദയം സൂര്യകാന്തി പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സോപ്പ് യൂണിറ്റ് നടത്തുന്ന കൈലാസ് ശ്രീനാരായണ ഗുരുവിനെയും കാറല്‍ മാര്‍ക്സിനെയും മനസില്‍ കൊണ്ടുനടക്കുന്ന ആളാണ്.
Post Your Comments