Latest NewsIndia

ട്രെയിനില്‍ പുകവലി തടഞ്ഞു; ഗര്‍ഭിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ഷാജഹാന്‍പൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുകവലിച്ചത് തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയെ കഴുത്തുഞെരിച്ച് കൊന്നു. പഞ്ചാബ് സ്വദേശിനിയായ ചിനത് ദേവി (45) ആണ് മരിച്ചത്.  കുടുംബത്തോടൊപ്പം ‘ചാട്ട് പൂജ’ ആഘോഷങ്ങള്‍ക്കായി ബീഹാറിലേക്ക് പോവുകയായിരുന്നു ഗര്‍ഭിണിയായ യുവതി. പഞ്ചാബ്- ബിഹാര്‍ ജാലിയന്‍ വാലാ എക്‌സ്പ്രസിലായിരുന്നു യാത്ര. ജനറല്‍ ബോഗിയിലെ യാത്രയ്ക്കിടെ ഷാജഹാന്‍പൂര്‍ എത്തുന്നതിന് അല്‍പസമയം മുമ്പായാണ് അടുത്തിരുന്ന യാത്രക്കാരന്‍ പുകവലിക്കാന്‍ തുടങ്ങിയത്.

ഇത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ യുവതിയുമായി യാത്രക്കാരന്‍ തര്‍ക്കത്തിലായി. ഇരുവരും തമ്മില്‍ ഏറെനേരം വാക്കേറ്റം നടന്നു. ഇതിനിടെ ഇയാള്‍ യുവതിക്ക് നേരെ തിരിയുകയായിരുന്നു. യുവതിയെ കടന്നുപിടിച്ച ശേഷം ഇയാള്‍ അവരുടെ കഴുത്തുഞെരിക്കുകയായിരുന്നു. കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേര്‍ന്ന് അക്രമിയെ പിടിച്ചുമാറ്റുകയും ഷാജഹാന്‍പൂരില്‍ വച്ച് ട്രെയിന്‍ നിര്‍ത്തിച്ച്, യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. അക്രമിയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Post Your Comments


Back to top button