കോട്ടയം: കഴിഞ്ഞ മാസം എറണാകുളം ഇരുമ്പനത്തും തൃശ്ശൂര്‍ കൊരട്ടിയിലും നടത്തിയ എ.ടി.എം കവര്‍ച്ചകളിലെ പ്രതികളായ ഹരിയാന മേവാത്ത് സ്വദേശി ഹനീഫ്, രാജസ്ഥാന്‍ ഭരത്പുര്‍ സ്വദേശി നസീം ഖാന്‍ എന്നിവരെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കോട്ടയത്തെത്തിച്ചു. എ.ടി.എമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ മോഷ്ടിച്ചു എന്നതാണ് കേസ്. ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി പപ്പി സിങ് എന്ന പപ്പു യാദവിനെ 14-ന് എത്തിക്കും. ഇയാളുടെ പേരില്‍ എ.ടി.എം. കവര്‍ന്നതിന് 16 കേസുണ്ട്. കേരളത്തിലെ എ.ടി.എം. കവര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹിയിലെത്തിയ ഇയാളെ വാഹനമോഷണക്കേസില്‍ കഴിഞ്ഞ 26-ന് അറസ്റ്റ് ചെയ്താണ് തിഹാര്‍ ജയിലിലടച്ചത്. ഒക്ടോബര്‍ 12-നു പുലര്‍ച്ചെ കോട്ടയം വെമ്പള്ളി, മോനിപ്പള്ളി, എറണാകുളം കളമശേരി എന്നിവിടങ്ങളില്‍ എ.ടി.എം. കവര്‍ച്ചാ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഈ രണ്ടു മോഷണങ്ങള്‍ നടത്തിയത്.
ഇന്നലെ പുലര്‍ച്ചെ രാജധാനി എക്‌സ്പ്രസില്‍ ആലപ്പുഴയില്‍ കൊണ്ടുവന്ന പ്രതികളെ ആദ്യം ചങ്ങനാശേരി ഡിവൈ.എസ്.പിക്കു മുന്നില്‍ ഹാജരാക്കി. പിന്നീട് ഏറ്റുമാനൂരിലെ കേന്ദ്രത്തില്‍ ചോദ്യംചെയ്ത ശേഷം വൈകിട്ട് തൃപ്പൂണിത്തുറയ്ക്കു കൊണ്ടുപോയ ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. അഞ്ചു ലക്ഷത്തിലേറെ ഫോണ്‍ കോളുകളാണ് അന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ സെല്‍ പരിശോധിച്ചത്. മോഷണസംഘത്തിലെ ഒരാളുടെ ഫോണ്‍ രേഖകള്‍ നിര്‍ണായക വഴിത്തിരിവായി. ഫോണ്‍ നമ്പറിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണു നസീം ഖാനെ പിടികൂടാന്‍ സഹായിച്ചത്. പോലീസ് കര്‍ണാടകയിലെ കോലാറിലെത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രാജസ്ഥാനിലേക്കു പോയി. അന്വേഷണസംഘം ഹരിയാനയിലെ ഷിക്കര്‍പൂരില്‍ തമ്പടിച്ചാണു പ്രതികളെ പിടികൂടിയത്.
ഡീസല്‍ മെക്കാനിക്കും വെല്‍ഡറുമായ ഹനീഫിനെ മേവാത്തില്‍നിന്നും ട്രക്ക് ഡ്രൈവറായ നസീം ഖാനെ ഭരത്പുരില്‍നിന്നുമാണു പിടികൂടിയത്. പപ്പി സിങ്ങിനെ ഹാജരാക്കാനുള്ള തൃപ്പൂണിത്തുറ കോടതിയുടെ വാറന്റ് തിഹാര്‍ ജയിലധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്.വെല്‍ഡിങ് വിദഗ്ധനായ ഹനീഫാണു ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. മെഷീനുകള്‍ പൊളിക്കുന്നത്. നോട്ടുകള്‍ക്കു തീപിടിക്കാതെ എ.ടി.എമ്മി ന്റെ ഇരുമ്പുവാതില്‍ മുറിക്കുന്നതെങ്ങനെയെന്ന് ഹനീഫ് പോലീസിനു വരച്ച് കാണിച്ചു. നസീമാണ് എ.ടി.എം. ക്യാബിനുള്ളിലെ ക്യാമറകളില്‍ പെയിന്റ് സ്‌പ്രേ ചെയ്ത് മറച്ചത്. എ.ടി.എം. കവര്‍ച്ചയ്ക്കായി പ്രതികള്‍ കേരളത്തിലെത്തിയതു ലോറിയിലും വിമാനത്തിലുമാണ്. ഇന്നലെ കോട്ടയത്തെത്തിച്ച ഹനീഫും നസീമും അറസ്റ്റിലാകാനുള്ള അസം ഖാനുമാണു കവര്‍ച്ചാ പദ്ധതി തയ്യാറാക്കിയത്. ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത പപ്പി സിങ്, ഭരത്പൂര്‍ സ്വദേശി അലീം, ഹരിയാന സ്വദേശി ഷെഹസാദ് എന്നിവര്‍ പിന്നീട് ഒപ്പംചേരുകയായിരുന്നു. പ്രതികളെ സഹായിച്ച രണ്ടു ട്രക്ക് ഡ്രൈവര്‍മാര്‍, ഒരു പിക്കപ്പ് വാന്‍ ഡ്രൈവര്‍ എന്നിവര്‍ പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു.
Post Your Comments