Latest NewsIndia

നാളെ ടിപ്പു സുൽത്താൻ ജയന്തി; കുടകിൽ മലയാളികൾ ആശങ്കയിൽ, നാളെ ബന്ദ്

മടിക്കേരി: ടിപ്പു ജയന്തിയാഘോഷത്തില്‍ പ്രതിഷേധിച്ച് കുടകില്‍ വെള്ളിയാഴ്ച ബന്ദ് ആചരിക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ‘ടിപ്പു ജയന്തി വിരോധി ഹൊരട്ട’ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 2015-ലെ ടിപ്പു ജയന്തിയാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുട്ടപ്പയുടെ അനുസ്മരണം വെള്ളിയാഴ്ച സമിതിയുടെ നേതൃത്വത്തില്‍ മടിക്കേരിയില്‍ നടത്തും.

അതേസമയം കുടകിലെ മലയാളികൾ ഭീതിയിലാണ്. നാളെ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ 11 ാം തീയ്യതി വൈകീട്ട് 6 മണിവരെ കുടകിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കയാണ്. കുടക് ജില്ലയിലെ വീരാജ്പേട്ട, മടിക്കേരി, സോമവാർപേട്ട, താലൂക്കുകളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. ഇവിടെ ഘോഷയാത്രകൾ, റാലികൾ, മുദ്രാവാക്യം വിളികൾ എന്നിവയും ആയുധങ്ങൾ കൈവശം വെച്ച് നടക്കുന്നതും നിരോധിച്ചിരിക്കയാണ്.

കുടകിലെ നഗരസഭകളിൽ നടന്ന തെരഞ്ഞെടുപ്പിലും കർണ്ണാടകത്തിലെ ലോകസഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. അതിന്റെ മറവിൽ ആരെങ്കിലും അക്രമം കാട്ടുമോ എന്ന സംശയം പൊലീസിനുണ്ട്. മലയാളികൾ ഏറ്റവും അധികം കഴിയുന്ന മേഖലയാണ് കുടക്. തോട്ടമുടമകളും കച്ചവടക്കാരും തൊഴിലാളികളും അതിന് പുറമേ മെഡിക്കൽ കോളേജ്, ടെക്നിക്കൽ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കുടകിലുണ്ട്. പലരും ഇന്നലെയോടെ നാട്ടിലെത്തിയിട്ടുണ്ട്. ഇന്നും നാളേയും കഴിഞ്ഞേ അവർ മടങ്ങുകയുള്ളൂ. അതുപോലെ തന്നെ കുടകിൽ കഴിയുന്നവർ നാളെ വീട്ടിന് പുറത്ത് പോകില്ല. കടകളും തോട്ടമുള്ളവരും കടകളടച്ചും തോട്ടത്തിൽ പോകാതേയും കഴിയും. ഇന്ന് വൈകീട്ടോടെ മലയാളികൾ പുറത്തേക്കിറങ്ങില്ല.  ടിപ്പു ജയന്തി ആഘോഷത്തിന്റെ മറവിൽ മലയാളി വിരോധവും മുസ്ലിം വിരോധവും ആളിപ്പടരാതിരിക്കാൻ കർണാടക സർക്കാർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സർക്കാർ ചടങ്ങുകളോ വിവാഹമോ അല്ലാതെ മറ്റൊരു സ്വകാര്യ ചടങ്ങിനും അനുവാദമില്ല.

shortlink

Post Your Comments


Back to top button