കണ്ണൂര്‍: അഴീക്കോട് എം.എല്‍.എ കെ.എം ഷാജി അയോഗ്യനാണെന്ന് വിധിച്ചതിന് പിന്നില്‍ കോടതി പ്രധാനമായി പരിഗണിച്ചത് ഒരു ലഘുലേഖയായിരുന്നു. തന്റെ ചിത്രം ആലേഖനം ചെയ്‌ത് അച്ചടിച്ച ലഘുലേഖയിലൂടെ കടുത്ത വര്‍ഗീയ ധ്രുവീകരണത്തിനായാണ് കെ.എം. ഷാജി ശ്രമിച്ചതെന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും പറഞ്ഞു.വീടുകളില്‍ വിതരണം ചെയ്‌ത കടുത്ത വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസാണ് ഷാജിയുടെ അയോഗ്യതയ്‌ക്ക് കാരണമായത്. വിധി വന്നതിന് പിന്നാലെ കെ.എം ഷാജി വര്‍ഷങ്ങള്‍ക്ക് മുൻപ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുകഴ്ത്തിയ പ്രസംഗം ചര്‍ച്ചയാവുകയാണ്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രതികരണവും ഈ പരാമര്‍ശത്തെ താരതമ്യം ചെയ്തായിരുന്നു. ഒരു ഭാഗത്ത് മുസ്ലീം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന അവകാശപ്പെടുകയും മറ്റൊരു ഭാഗത്ത് ആര്‍.എസ്.എസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ജയരാജന്‍ പറഞ്ഞത്. 2013 മാര്‍ച്ച് ആറിന് കണ്ണൂര്‍ കടവത്തൂരില്‍ നടന്ന മുസ്ലീം ലീഗ് പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഷാജി മോദിയെ വാനോളം പുകഴ്ത്തിയത്. ഗുജറാത്ത് കലാപത്തില്‍ മോദിയ്‌ക്ക് പങ്കില്ലെന്നും കലാപത്തില്‍ ഹിന്ദുത്വ അജണ്ടയുണ്ടായിരുന്നില്ല.
മുസ്ലീങ്ങളെ മോദി കൊന്നൊടുക്കിയിട്ടില്ല. ഒരു പള്ളിപോലും ആക്രമിച്ചിട്ടോ നശിപ്പിച്ചിട്ടോ ഇല്ല. ഗുജറാത്തില്‍ പോയി അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ മനസിലായത്. കലാപം വ്യവസായികള്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു. ഇതില്‍ മതത്തെ മറയാക്കിയെന്നുമാത്രം ഷാജി പറഞ്ഞു. ഈ കലാപത്തോടെയാണ് വന്‍ വ്യവസായികള്‍ക്ക് ഗുജറാത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത്. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഐക്യത്തോടെയാണ് കഴിയുന്നത്. മോഡിയെക്കുറിച്ച് മലയാളികളായ മുസ്ലിങ്ങള്‍ക്ക് നല്ലതേ പറയാനുള്ളൂ.
വികസന കാര്യത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാമെന്നതില്‍ സംശയം വേണ്ട എന്നും ഷാജി പറഞ്ഞിരുന്നു. അതെ സമയം തെരഞ്ഞെടുപ്പ് സമയത്ത് നികേഷിനെതിരെ എട്ടോളം ലഘുലേഖകള്‍ പ്രചരിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വളപട്ടണം പൊലീസ് മുസ്ലീം ലീഗ് കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്‌തു. പ്രസ്‌തുത പരിശോധനയിലാണ് ലഘുലേഖകള്‍ കണ്ടെത്തിയത്. മതപരമായ ഫത്‌വ പോലെ കര്‍ശനമായി അനുസരിക്കേണ്ട ഉത്തരവായാണ് ലഘുലേഖയില്‍ പറഞ്ഞിട്ടുള്ളത്.
ലഘുലേഖയുടെ ഉള്ളടക്കം- ‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്. അഞ്ചുനേരം നിസ്‌ക്കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മീനായ കെ. മുഹമ്മദ് ഷാജി എന്ന കെ.എം ഷാജിയെ വിജയിപ്പിക്കുവാന്‍ എല്ലാ മുഹ്മീനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കൂ. സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്‌ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്‌തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി’ -ഇതായിരുന്നു ലഘു ലേഖകളില്‍ ഒന്നിന്റെ ഉളളടക്കം.
Post Your Comments