കൊച്ചി: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലേക്കു കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നോ, ഗോഹട്ടി, മംഗളൂരു വിമാനത്താവളങ്ങളാണു സ്വകാര്യവത്കരിക്കുന്നത്.
ഈ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, നിയന്ത്രണം, വികസനം എന്നിവയ്ക്കായി പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) കൊണ്ടുവരാനാണു സര്‍ക്കാര്‍ തീരുമാനമായത്. നിലവില്‍ ഡല്‍ഹി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, കൊച്ചി എന്നിവ പിപിപി വിമാനത്താവളങ്ങളാണ്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി(പിപിപിഎസി) വഴിയാണ് ഇവ നടപ്പാക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇതിനു തത്ത്വത്തില്‍ അംഗീകാരം നല്‍കി. ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നീതി ആയോഗ് സിഇഒ, വ്യോമയാന മന്ത്രാലയം സെക്രട്ടറി, സാന്പത്തികകാര്യ വകുപ്പ് സെക്രട്ടറി, എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. വിമാനത്താവളങ്ങളില്‍ ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം, വിമാന സര്‍വീസുകളുടെ കൃത്യത തുടങ്ങിയവയാണു പിപിപി കൊണ്ട് ഉദ്ദേശിക്കുന്നത്.
Post Your Comments