പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമല പ്രവേശനത്തിനായി 550 യുവതികൾ അനുമതി തേടിയതായി റിപ്പോർട്ട്. വെർച്ച്വൽ ക്യൂവിനായി ഓൺലൈൻ ബുക്കിങ് സംവിധാനത്തിലാണ് 550 യുവതികൾ മല കയറാൻ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ സമരമൊന്നും സ്ത്രീകളെ പിന്നോട്ടാക്കിയില്ല എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീർത്ഥാടകർക്ക് ശബരിമലയിൽ ദർശനത്തിനെത്തുന്ന ദിവസവും സമയവും ഓൺലൈൻ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്. ഇതിൽ ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. വെർച്വൽ ക്യൂ സംവിധാനം വഴി ഇതുവരെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ മൂന്നരലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഓൺലൈനായി ബുക്ക് ചെയ്യാത്ത ഭക്തരുടെ കണക്കുകൾ കൂടി ചേരുമ്പോൾ ഇത് വർധിക്കും. മണ്ഡലകാലത്ത് വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കേണ്ടി വരും എന്നതിന്റെ തെളിവ് കൂടിയാണ് ഈ കണക്ക്. അതേസമയം ശബരിമലയിൽ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദർശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ മുൻപ് വ്യക്തമാക്കിയിരുന്നു.
Post Your Comments