വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ജീവന് കുരുതികൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ ഒന്നാം നമ്പര്‍ ക്രിമിനല്‍ എന്നു തന്നെ വിളിക്കാം. ആ ക്രിമിനലിനെ രക്ഷിക്കാന്‍ കൂട്ടുനിന്ന പൊലീസുകാര്‍ക്കും അതേ വിശേഷണം തന്നെ നല്‍കണം. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ നല്കാന് നിയോഗിക്കപ്പെട്ടവര്‍ നിരപരാധികളുടെ ജീവനെടുക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇത് ഒറ്റപ്പെട്ടതോ ആദ്യത്തെയോ സംഭവമല്ല. തെളിവുകളില്ലാതെയും സാക്ഷിമൊഴികളില്ലാതെയും ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ നടക്കുന്നു.
നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ സനല്‍ എന്ന യുവാവ് വാഹനമിടിച്ച് മരിച്ചത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റാങ്കിലുള്ള ഹരികുമാര്‍ സനലിനെ പിടിച്ചു റോഡിലേക്ക് തള്ളുകയായിരുന്നു. മാത്രമല്ല പാഞ്ഞുവന്ന വാഹനമിടിച്ച് ചോരയൊലിച്ചു കിടന്ന സനലിനെ അവിടെ ഉപേക്ഷിച്ച് അയാള്‍ സ്ഥലം വിടുകയും ചെയ്തു. പിന്നീടെത്തിയ പൊലീസിന്റെ പ്രകടനം അതിലും വിചിത്രമായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സാക്ഷിമൊഴികള്‍ തെളിയിക്കുന്നത്. വാഹനമിടിച്ച് ഗുരുതരാവസ്ഥയിലായ സനലിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ല. അര മണിക്കൂറിന് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും വൈകി. യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് തുടക്കം മുതല്‍ ആരോപണം ഉണ്ടായിരുന്നെങ്കിലും അതില്‍ പൊലീസ് വരുത്തിയ വീഴ്ച്ച എത്ര ഭയനാകമായിരുന്നെന്ന് സാക്ഷിയായ ആംബുലന്‍സ് ഡ്രൈവറുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.
സനലിനെ പൊലീസ് നേരിട്ട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയില്ലെന്ന് അനീഷ് പറഞ്ഞു. പകരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു പൊലീസിന്റെ തീരുമാനം. ജനറല്‍ ആശുപത്രിയിലേക്ക് പൊകണമെന്ന നിര്‍ദേശമനുസരിച്ച് അവിടെയെത്തിയെങ്കിലും എത്രയും പെട്ടെന്ന് മൈഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നും അനില്‍ പറയുന്നു. എന്നാല്‍ നേരെ മെഡിക്കല്‍ കോളേജിലേക്ക് പോകാതെ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന നിര്‍ദേശമായിരുന്നു പൊലീസ് തന്നതെന്നും ആംബുലന്‍സ് ഡ്രൈവര്‍ വ്യക്തമാക്കി. പിന്നീട് ഒരു പൊലീസുകാരന് ഡ്യൂട്ടിമാറാനായിരുന്നു ഇത്. അതിന് ശേഷമാണ് വണ്ടി മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടതെന്നും പതുക്കെ ഓടിക്കാന്‍ തന്നോട് നിര്‍ദേശിച്ചെന്നും അനില്‍ പറഞ്ഞു. ഇതിനിടെ ആംബുലന്‍സ് പട്ടത്ത് എത്തിയപ്പോഴേക്കും സനല്‍ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഒരു മനുഷ്യജീവന് പുല്ലുവില കൊടുത്ത് പൊലീസ് നടത്തിയ ഈ നാടകം അനീഷിന്റെ വാക്കുകളിലൂടെ വ്യക്തമാകുമ്പോള്‍ കേരളപൊലീസിന് മുഴുവന്‍ അത് തീരാത്ത അപമാനമാകുകയാണ്.
ഇത്രയും ക്രൂരമനസുള്ള പൊലീസിനെ ആ കേസിന്റെ അന്വേഷണം ഏല്‍പ്പിക്കുന്നതില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് മാത്രമല്ല ഓരോ മലയാളിക്കും പ്രതിഷേധമുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പെണ്‍സുഹൃത്തിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ ഡിവൈഎസ്പി ഹരികുമാര്‍ ആ വീട്ടില്‍ നിന്ന് രാത്രി പുറത്തുവരുന്നതിനിടെയായിരുന്നു വാഹനം പാര്‍ക്ക് ചെയ്തതിന്റെ പേരില്‍ സനലുമായി തര്‍ക്കത്തിലായത്. ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിയാതെയായിരുന്നു സനല്‍ തര്ക്കിച്ചതും.
മുമ്പ് തന്നെ ആരോപണങ്ങള്‍ നേരിട്ട പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഹരികുമാര്‍. കയ്യബദ്ധത്തില്‍ പറ്റിയ അപകടമായി ഒരിക്കലും സനലിന്റെ മരണത്തെ കാണാനാകില്ല. വാറന്റ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിവിട്ടയച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് ഹരികുമാര്‍. ക്രമസമാധാന ചുമതല ഇയാള്‍ക്ക് നല്‍കരുതെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തീര്‍ത്തും അവഗണിക്കപ്പെടുകയായിരുന്നു. സര്‍വീസിലിരിക്കെ ഒട്ടേറെ ദുഷ്പ്പേര് വാങ്ങിക്കൂട്ടിയ ഈ പൊലീസ് ഉദ്യോഗസ്ഥന് ഇരുമുന്നണികള്‍ക്കും സ്വീകാര്യനാണെന്നു കൂടി ഓര്‍ക്കണം. എന്തായാലും ഉരുട്ടിക്കൊലക്കേസിന്റെ പേരില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് നേടിയ ദുഷ്പ്പേര് ഇപ്പോള്‍ അതേ ജില്ലയിലെ മറ്റൊരു പൊലീസ് സ്റ്റേഷന് ഏറ്റെടുത്തുകഴിഞ്ഞു. ഒരു പൊലീസ് സ്റ്റേഷന് ക്രിമിനല്‍ മാനസികാവസ്ഥയുള്ള ഒരുകൂട്ടം പൊലീസുകാരുടെ കയ്യിലാണെന്നതിനേക്കാള് അപകടകരമായി മറ്റെന്താണുള്ളത്. എന്ത് നീതിയാണ് ഇത്തരക്കാര്‍ സുരക്ഷാച്ചുമതല വഹിക്കുന്ന ഒരു പ്രദേശത്ത് നടപ്പിലാകുന്നത്.
ഗവാസ്ക്കര്‍ എന്ന പൊലീസുകാരന്റെ ആരോപണത്തില്‍ ആടിയുലഞ്ഞ എഡിജിപിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. ആ കേസിന്റെ പിന്നിലെന്ത് സംഭവിച്ചു എന്നത് മറ്റൊരു അന്വേഷണ റിപ്പോര്‍ട്ടിനുള്ള സാധ്യതയായി നിലനില്ക്കുന്നു. ദുരഭിമാനക്കൊലയായി കണക്കാക്കപ്പെട്ട കെവിന് വധത്തില്‍ പൊലീസിന്റെ വൃത്തികെട്ട പങ്കും ജനങ്ങള്‍ മനസിലാക്കിയതാണ്. ക്രിമിനലുകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസ് സ്വയം ക്രിമിനലുകളായിത്തീരുമ്പോള് കണ്ണും പൂട്ടിനില്ക്കുന്ന ഭരണകൂടത്തിന് ജനരോഷം തടയാനാകാതെ വരുമ്പോള്‍ മാത്രമാണ് പ്രതികരണശേഷം ഉണ്ടാകുന്നതെന്നാണ് മറ്റൊരു ദയനീയാവസ്ഥ. ഇടത് ഭരിച്ചാലും വലത് ഭരിച്ചാലും പൊലീസിലെ ചില ക്രിമിനലുകളെ പനപോലെ വളര്‍ത്തുമെന്നത് ഇത്തരത്തില്‍ എത്രയോ തെളിഞ്ഞതാണ്. പക്ഷേ ആ പരിപോഷിപ്പിക്കലിന് അധികം ആയുസില്ലെന്ന് കാലം ഓര്‍മ്മപ്പെടുത്തുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ ആശ്വാസം.
Post Your Comments