വാഷിംഗ്ടന്‍: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന് വന്‍ തിരിച്ചടി നേരിട്ടു. ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിക്കയിടത്തും പരാജയപ്പെട്ടു. യുഎസിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വീറും വാശിയും ഏറിയ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം പ്രസിഡന്റ് ട്രംപിന്റെ രണ്ടുവര്‍ഷത്തെ ഭരണത്തിന്മേലുള്ള വിലയിരുത്തലായാണു കണക്കാക്കുന്നത്. സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായത് ആശ്വാസമാണെങ്കിലും ട്രംപിന് വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത് തിരിച്ചടിയാണ്. ജനപ്രതിനിധിസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 114 മില്യന്‍ പൗരന്മാര് വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2014ല്‍ ഇതു 83 മില്യനായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടെക്സസില്‍ ടെഡ് ക്രൂസ് സെനറ്റ് സീറ്റ് നിലനിര്‍ത്തി.
ജനപ്രതിനിധിസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റ് ഡമോക്രാറ്റുകള്‍ നേടുമെന്ന് ഉറപ്പായി. നിലവില്‍ 196 സീറ്റ് ഡമോക്രാറ്റുകള്‍ നേടിയപ്പോള്‍ 182 റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളാണു വിജയിച്ചിരിക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി. ആകെ 100 സീറ്റുകളുള്ള സെനറ്റിലെ 35 സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈ അംഗബലം തുടരാനായി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 43 സീറ്റിലാണ് ഡമോക്രാറ്റുകള്‍ വിജയിച്ചിരിക്കുന്നത്.
പ്രാരംഭഘട്ടത്തിലെ കണക്കുകള്‍ അനുസരിച്ചു വോട്ടു ചെയ്ത 55 % പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സിഎന്‍എന്‍ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 % ആളുകള്‍ ട്രംപിനെ പിന്തുണച്ചു.
Post Your Comments