ജക്കാര്‍ത്ത: പഴത്തിന്റെ രൂക്ഷഗന്ധത്തെ തുടര്‍ന്ന് വിമാനം വൈകിയത് ഒരു മണിക്കൂര്‍. ദുരിയാന്‍ പഴമാണ് വിമാനയാത്രക്കാരെ വലച്ചത്. ദുരിയാന്‍ പഴത്തിന് ആരാധകര്‍ ഏറെയുണ്ടെങ്കിലും അതിന്റെ രൂക്ഷഗന്ധം ചിലര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കാറുമുണ്ട്.
വിമാനത്തിനുള്ളിലനുഭവപ്പെട്ട രൂക്ഷഗന്ധത്തെ കുറിച്ചുള്ള യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ്; ഇന്തോനേഷ്യന്‍ വിമാനം ഒരു മണിക്കൂര്‍ വൈകിയത്.. സുമാത്രയില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള ശ്രീവിജയ വിമാനമാണ് വൈകിയത്. വിമാനത്തില്‍ കൊണ്ടുപോകാന്‍ കയറ്റിയ ദുരിയാപഴത്തിന്റെ ഗന്ധം കാരണം വിമാനത്തില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ യാത്രചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
രണ്ടു ടണ്‍ ദുരിയാന്‍ പഴമാണ് വിമാനത്തിലുണ്ടായിരുന്നത്. ജക്കാര്‍ത്തയിലെത്തിക്കാനാണ് ഇത് വിമാനത്തില്‍ കയറ്റിയത്. ലോകത്ത് ദുരിയാന്‍ പഴത്തിന് ധാരാളം ആരാധകരുണ്ട്. ആരാധകര്‍ ഇതിനെ പഴങ്ങളുടെ രാജാവെന്ന് വാഴ്ത്തുന്നു.
എന്നാല്‍ അപകടകരമല്ലാത്ത ദുരിയാന്‍ വിമാനത്തില്‍ കയറ്റുന്നതില്‍ പ്രശ്‌നമില്ലെന്നാണ് വിമാനക്കമ്പനി അധികൃതരുടെ വാദം. വിമാനം പറന്നുയര്‍ന്നു കഴിഞ്ഞാല്‍ പഴത്തിന്റെ ഗന്ധം ഉണ്ടാവില്ലെന്നാണ് കമ്പനി വാദം. ചൂടുള്ള കാലാവസ്ഥ കാരണമാണ് പഴത്തിന്റെ ഗന്ധം ഇത്ര രൂക്ഷമായതെന്നാണ് അധികൃതര്‍ പറയുന്നത്.
യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദുരിയാന്‍ മുഴുവനും വിമാനത്തില്‍ നിന്ന് ഇറക്കിയ ശേഷം വിമാനം പുറപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. പഴം ഇറക്കിയ ശേഷം ഒരു മണിക്കൂര്‍ വൈകിയാണ് ജക്കാര്‍ത്തയിലേക്ക് വിമാനം പറന്നത്.
Post Your Comments