രാജസ്ഥാനിലെ ഖേത്രിയിലെ ഒരു ഗുജ്ജര്‍ കുടുംബത്തിന് ഈ ദീപവലി വളരെ വിശേഷപ്പെട്ടതാണ്. നഷ്ടമായെന്ന് കരുതിയ ആഘോഷം ഇരട്ടി തീവ്രതയോടെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.
ജുന്‍ജുനു ജില്ലയിലെ ഗ്രാമത്തിലെ 95 കാരനായ ബുധ് റാം കഴിഞ്ഞ ദിവസം തലകറങ്ങി വീഴുകയായിരുന്നു. ഇദ്ദേഹത്തെ ബന്ധുക്കള്‍ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രോഗി മരിച്ചെന്ന് ഡോക്ടര്‍ ഉറപ്പിച്ചതോടെ മരണവിവരം എല്ലാവരേയുമറിയിച്ച് സംസ്‌കാരത്തിനായി പുരോഹിതനെയും വിളിച്ചു.
സംസ്‌കാരത്തിന്റെ ഭാഗമായി അടുത്ത ബന്ധുക്കള്‍ ശിരസ് മുണ്ഡനം ചെയ്ത കര്‍മ്മങ്ങള്‍ക്കായി ഒരുങ്ങി. ഇതിനിടെ കുളിപ്പിക്കാനായി ബുധ്റാമിന്റെ ശരീരമെത്തിച്ചപ്പോഴായിരുന്നു ഏവരേയും അമ്പരിപ്പിച്ച സംഭവം. നെഞ്ചിലേക്ക് വെള്ളം കോരിയൊഴിച്ചപ്പോള്‍ മരിച്ച ആള്‍ വിറയ്ക്കാന്‍ തുടങ്ങിയന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ ഇദ്ദേഹത്തെ കിടക്കയിലേക്ക് മാറ്റി. അല്‍പ്പം കഴിഞ്ഞ് സാധാരണനിലയില്‍ ശ്വാസം വീണ്ടെടുത്ത ബുധാറാം എഴുന്നേറ്റ് കിടക്കിയിലിരിക്കുകയും ചെയ്തു.
മരിച്ചുപോയെന്ന് കരുതി വിലപിച്ചവര്‍ ആള്‍ ഒരു പരിക്കുമില്ലാതെ ഇരിക്കുന്നത് കണ്ട് ആഘോഷിക്കാന്‍ തുടങ്ങി. അതേസമയം എന്താണ് സംഭവിച്ചതെന്ന് ഈ മുത്തശ്ശനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയും രസകരമായിരുന്നു. നെഞ്ച് വേദനിച്ചെന്നും ഉടന്‍ തന്നെ താന്‍ ഉറങ്ങിപ്പോയെന്നുമായിരുന്നു ഉത്തരം.
എന്തായാലും ബുധ്‌റാമിന്റെ മരണത്തോടെ ദീപാവലി ആഘോഷം നഷ്ടമായെന്ന് കരുതിയവര്‍ ഇപ്പോള്‍ ഇരട്ടി സന്തോഷത്തിലാണ്. മരണം നടന്ന വീടുകള്‍ ആ വര്‍ഷം ആഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ആചാരം. എന്തായാലും എല്ലാ വര്‍ഷത്തേക്കാളും ഗംഭീര ആഘോഷങ്ങളായിരിക്കും ഇത്തവണയെന്ന് ബുധ് റാമിന്റെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു.
Post Your Comments