കൊച്ചി: കൊച്ചി നഗരത്തിലെ ഒരു സ്‌കൂളിലെ 12 വയസ്സിനു താഴെയുള്ള ആറ് കുട്ടികളെ ഡ്രൈവര്‍ ലെംഗീകമായി ഉപദ്രവിച്ച കേസില്‍ മുന്നോട്ടു പോകാനൊരുങ്ങി പതിനൊന്നുകാരി. സ്‌കൂള്‍ അധികൃതരുടെ സമ്മതത്തോടെ മാതാപിതാക്കള്‍ ഒരുക്കിയ വാഹനത്തിലെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ചത്. ഇയാള്‍ പ്രാദേശിക തൊഴിലാളിസംഘടനയുടെ നേതാവാണ്.
കഴിഞ്ഞമാസം ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ആറ് കുട്ടികളേയും ഡ്രൈവര്‍ കയറിപ്പിടിച്ചു നോവിക്കുകയായിരുന്നു. 6 കുട്ടികളും സ്‌കൂളില്‍ പോവാന്‍ കാണിച്ച വിമുഖത കാണിച്ചപ്പോഴാണ് മാതാപിതാക്കള്‍ കുട്ടികള്‍ക്കുണ്ടായ മാറ്റം ശ്രദ്ധിച്ചു തുടങ്ങിയത്. അതേസമയം യുപി സ്‌കൂള്‍ വിദ്യാര്‍ഥിയായ കുട്ടിയാണ് ആദ്യം വിവരം പുറത്ത് പറഞ്ഞത്. അങ്കിള്‍ ശരീരത്തിന്റെ പലഭാഗത്തും കയറിപ്പിടിച്ചു നോവിക്കും എന്നായിരുന്നു അവള്‍ പറഞ്ഞത്.
ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം അനുദിനം മോശമായപ്പോള്‍ ഈ കുട്ടി ഡ്രൈവറോട് ഇനി എന്നെ തൊടരുത് എന്ന് പറഞ്ഞിരുന്നു.എന്നാല്‍ ”നിന്നെ മടിയില്‍ ഇരുത്തി കൊണ്ടുപോവണമെന്നാണു നിന്റെ അച്ഛന്‍ എന്നോടു പറഞ്ഞിട്ടുള്ളത്, നാളെ മുതല്‍ മടിയില്‍ ഇരുന്നാല്‍ മതി” എന്നായിരുന്നു അയാളുടെ മറുപടി.
എന്നാല്‍ സ്‌കൂളില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ വൈകി. ഇതിനിടെ പരാതിയെ കുറിച്ച് മനസ്സിലാക്കിയ ഡ്രൈവര്‍ 6 കുട്ടികളുടെയും മാതാപിതാക്കളെ നേരിട്ട് കണ്ട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം ആരും വഴങ്ങിയില്ലെങ്കിലും ഡ്രൈവറെ സംരക്ഷിക്കാന്‍ സിപിഎം, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ മുന്നിട്ടിറങ്ങിയെന്നും സൂചനയുണ്ട്. തുടര്‍ന്ന് 5 പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതി പിന്‍വലിച്ചു.
അതേസമയം ഡ്രൈവര്‍ക്കെതിരെ പ്രതികരിച്ച ആ പതിനൊന്നുകാരിമാത്രം പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നതോടെ മജിസ്ട്രേട്ട് മുന്‍പാകെ രഹസ്യമൊഴി നല്‍കി കേസ് മുമ്പോട്ട് കൊണ്ടു പോകുകയായിരുന്നു. പ്രതിയായ ഡ്രൈവര്‍ ഇപ്പോള്‍ ഒളിവിലാണ്.
Post Your Comments