ഇപ്പോള്‍ സിപിഎം അത്യാവശ്യമായും ചെയ്യേണ്ടത് ഒരു രഹസ്യ സര്‍വ്വേ നടത്തുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുയായികള്‍ക്കിടയിലും മാത്രം മതി. ശബരിമലയില്‍ പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കുന്നുണ്ടോ എന്ന് ഒറ്റച്ചോദ്യം മതി. ഉത്തരം ആശങ്കപ്പെടുത്തുന്നതാണെങ്കില്‍ ഒരു ചോദ്യം കൂടിയാകാം. അടുത്ത വോട്ട് സിപിഎമ്മിന് തന്നെ അല്ലേ എന്ന്….അപ്പോള്‍ സഖാക്കളേ ബോധ്യപ്പെടും കേരളത്തിന്റെ രാഷ്ട്രീിയവും വിശ്വാസവും രണ്ടും രണ്ടാണെന്ന്.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെല്ലാം നിരീശ്വരവാദികളും പുരോഗമനാശയക്കാരുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അബദ്ധധാരണയാണ് ശബരിമലയുമായി ബന്ധപ്പെട്ട വന്‍പ്രക്ഷോഭത്തിന് കളമൊരുക്കിയത്. പുരോഗമനാശയത്തിന്റെ പേരില്‍ സാംസ്‌കാരിക ബുദ്ധി ജീവികളെ കൂടെ നിര്‍ത്തി കയ്യടി വാങ്ങി കമ്മ്യൂണിസത്തിന്റെ ശക്തി തെളിയിക്കാമെന്ന പിണറായിയുടെയും കൂട്ടരുടേയും കണക്കുകൂട്ടല്‍ ഇപ്പോള്‍ ബൂമറാങ്ങ് പോലെ തിരിച്ചടിക്കുകയാണ്. സന്നിധാനത്തെ യുദ്ധഭൂമിയാക്കി മാറ്റിയാണെങ്കിലും യുവതികളെ പ്രവേശിപ്പിക്കുമെന്ന കടുത്ത നിലപാട് സിപിഎമ്മിന്റെ വേരറുക്കുന്നത് സഖാക്കള്‍ ഇനിയും തിരിച്ചറിയുന്നില്ല എന്നാണോ.
തെറ്റിയത് സത്യവാങ്മൂലം മുതല്‍
ഭക്തിയുടെയും വിശ്വാസത്തിന്റെയും അംശം പോലുമില്ലാതെ വികലമായ ചില കാഴ്ച്ചപ്പാടുകളോടെ ശബരിമലയില്‍ പരിഷ്‌ക്കാരത്തിന് വന്നതാണ് പിണറായിക്ക് പറ്റിയ തെറ്റ്. യുവതി പ്രവേശനത്തെ അനുകൂലിച്ച് രണ്ടാമതൊന്നാലോചിക്കാതെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി തുടങ്ങിവച്ച പിഴ ഏറ്റുപറയാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കേരളം ശാന്തമാകും. അതിന്ന പകരം പൊലീസിനെയും പട്ടാളത്തേയുമിറക്കി നാമം ജപിച്ചിരിക്കുന്ന നിരപരാധികളായവരെപ്പോലും ലോക്കപ്പിലാക്കാന്‍ അധികാരം ഉപയോഗിച്ചാല്‍ എത്രനാള്‍ ഈ സര്‍ക്കാര്‍ കേരളം ഭരിക്കുമെന്ന് കണ്ടറിയേണ്ടി വരും. കോടതി വിധി അംഗീകരിച്ച് ഊര്‍ജിതമായി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടി സഹയാത്രികരുടെയും പുരോഗമന സമുദായത്തിന്റെയും കയ്യടി ലഭിച്ചേക്കും. പക്ഷേ കേരളത്തെ കലാപഭൂമിയാക്കാനുതകുന്ന ധാര്‍മിക രോഷം ആ കയ്യടികളെ നിഷ്പ്രഭമാക്കി ഭരണകൂടത്തെ അങ്കലാപ്പിലാക്കുമെന്ന സത്യം മനസിലാക്കാനുള്ള വിവേകം ഇടത് സര്‍ക്കാരിന് ഇല്ലാതെ പോയതാണ് കഷ്ടം.
പിഴച്ചത് കുരിശല്ല സഖാവേ നയമാണ്
സിപിഎമ്മിന്റെ മതേതരത്വ നിലപാടില്‍ അടിയുറച്ചുനിന്നുള്ള ഒരു നീക്കമാണ് ഇതെന്ന് കരുതാനാകില്ല. കാരണം കുറച്ചുനാളുകള്‍ക്ക് മുമ്പ് മൂന്നാറില്‍ പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചുമാറ്റിയപ്പോള്‍ ഈ മതേതരത്വ നിലപാടിലെ പൊള്ളത്തരം ജനം കണ്ടതാണ്. പാവം കുരിശെന്ത് പിഴച്ചു എന്നുറക്കെ ചോദിച്ച പിണറായിയാണ് ശബരിമലയെ യുദ്ധക്കളമാക്കുന്ന തീരുമാനങ്ങളെടുത്ത് പൊലീസിനെ അയക്കുന്നത്. ആചാരാനുഷ്ഠാനങ്ങളില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തിരുവാഭരണം എഴുന്നള്ളിക്കുന്നത് എന്തിനാണെന്ന് പണ്ട് ഇംഎംഎസ് ചോദിച്ചതാണ്. അമ്പലങ്ങളില്‍ പാറാവുകാര്‍ എന്തിനാണെന്ന് ചോദിച്ചതും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി തന്നെയാണ്. ഗുരുവായൂരപ്പന്റെ മുന്നില്‍ കൈകള്‍ കൂപ്പി എന്ന മഹാ അപരാധത്തിന് ദേവസ്വം മന്ത്രിക്ക് വിശദീകരണം നല്‍കേണ്ടി വന്നതും ആരും മറന്നിട്ടില്ല. ഇപ്പോള്‍ വേദികളില്‍ നിലവിളക്ക് കൊളുത്തുന്നതും പ്രാര്‍ത്ഥിക്കുന്നതുമാണ് എതിര്‍ക്കപ്പെടുന്നത്. ഇതൊന്നും മറ്റ് മതസമുദായങ്ങളില്‍ പ്രാവര്‍ത്തികമാക്കാനുള്ള ധൈര്യം ഒരിക്കലും കാട്ടാറുമില്ല.
ഹിന്ദുവിരുദ്ധരാകൂ പട്ടും വളയും ഉറപ്പ്
ഒരു നാടിന്റെ പാരമ്പര്യവും സംസ്‌കാരവും നിരസിക്കുന്നതാണ് സിപിഎമ്മിന്റെ പുരോഗമനം. ആചാരങ്ങളെയും മറ്റും തള്ളിപ്പറഞ്ഞ് അവയെ പുച്ഛിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാനും അങ്ങനെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുമുണ്ട്. ഹിന്ദുത്വത്തെ അധിക്ഷേപിക്കുന്ന എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും സിപിഎം ഭരിച്ചാല്‍ പട്ടും വളയും സമ്മാനിക്കപ്പെടുന്നതും കേരളത്തിലാണ്. എന്തായാലും പതിറ്റാണ്ടുകളായി തുടരുന്ന ഇടതിന്റെ ഹിന്ദു വിരുദ്ധ നിലപാടിന് ഈ ശബരിമല പ്രശ്‌നം മറുപടി നല്‍കും. കമ്മ്യൂണിസം എന്നാല്‍ ഇങ്ങനെ ഈശ്വരനിന്ദയാണെന്ന് കരുതിയിട്ടില്ലെന്ന്് ഉറക്കെ പറഞ്ഞ് വീട്ടമ്മമാര്‍ ഇങ്ങനൊരു പാര്‍ട്ടി ഞങ്ങള്‍ക്ക് വേണ്ടെന്ന് തള്ളിപ്പറയുന്നത് അധികാരത്തിന്റെ അകത്തളങ്ങളിലെത്തുന്നുണ്ടാകുമല്ലോ. മാത്രമല്ല കേരളത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കൊന്നും അടുത്ത തെരഞ്ഞെടുപ്പുകളിലൊന്നും ഇടമുണ്ടാകില്ലെന്ന് സര്‍വ്വേ ഫലങ്ങളും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. പൊലീസിനെ ഉപയോഗിച്ച് ശബരിമല വിഷയം കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ വിവേക ശൂന്യതയ്‌ക്കെതിരെ കടുത്ത വിമര്‍നങ്ങളാണ് ഉയരുന്നത്. പരസ്യമായി ഇതിനെതിരെ പ്രതിഷേധിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. പിണറായി വിജയന്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നാണ് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് ബുദ്ധിശൂന്യത ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഭക്തരുടെ വികാരം മാനിച്ചു സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ നിന്ന് പിന്തിരിയണമെന്നും ചരിത്രകാരനായ എംജിഎസ് ആവശ്യപ്പെട്ടു.
ക്ഷേത്ര നടത്തിപ്പില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല
ഇതിനിടെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്ര നടത്തിപ്പില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോര്‍ഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ഗസ്റ്റ് ഹൌസ് പൂട്ടി താക്കോല്‍ ഏല്‍പ്പിക്കണമെന്നും മറ്റും സര്‍ക്കാര്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് കോടതിയുടെ താക്കീത്. ക്ഷേത്ര നടത്തിപ്പിന്റെ വിഷയങ്ങള്‍ ദേവസ്വം ബോര്‍ഡ് നടത്താന്‍ പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ശബരിമലയില്‍ നാളിതുവരെ നടക്കാത്ത കാര്യങ്ങള്‍ക്കാണ് പൊലീസിന് അനുമതി ലഭിച്ചിരിക്കുന്നത്. തന്ത്രിയേയും മേല്‍ശാന്തിമാരെയും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് പൊലീസ് വിലക്കി. നിരോധനാജ്ഞയുടെ വ്യവസ്ഥകളുടെ പേരിലാണിത്. ശബരിമലയില്‍ തന്ത്രിയുടെ മുറിക്ക് സമീപം മൊബൈല്‍ ജാമറും സ്ഥാപിച്ചിട്ടുണ്ട്.
രാഷ്ട്രീയം വേറെ വിശ്വാസം വേറെ
ഇത്തരത്തില്‍ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസകേന്ദ്രമായ ഒരു ആരാധാനാലയത്തില്‍ ഏകാധിപത്യം കാണിക്കുന്ന ഒരു മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയേയും ജനം വെറുത്തുതുടങ്ങിയിരിക്കുന്നു. ചെറിയൊരു ന്യൂനപക്ഷമാണ് ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ കടുംപിടിത്തത്തെ പിന്തുണയ്ക്കുന്നത്. പാര്‍ട്ടിയില്‍ നിന്നുപോലും ശക്തമായവിയോജിപ്പ് ഉയരുമ്പോള്‍ പഴയ വര്‍ണ വ്യവസ്ഥ പുറത്തെടുത്ത് ജനങ്ങളില്‍ വേര്‍തിരിവ് ഉണ്ടാക്കാമെന്ന തരംതാണ നിലപാടാണ് ഇടത് മന്ത്രിമാര്‍ സ്വീകരിക്കുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥയാണെന്നും അടിമത്തവും ജന്‍മിത്വവും വേരറ്റുപോയെന്നും നന്നായി അറിയുന്നവരാണ് കേരളത്തിലെ ജനത. ജാതിയുടെ പേരില്‍ അവരെ വിശ്വാസത്തില്‍ നിന്ന് അകറ്റാമെന്ന് കരുതിയാല്‍ അത് മറ്റൊരു മണ്ടത്തരം മാത്രമാകും. എന്തായാലും ഇപ്പോള്‍ സിപിഎം അത്യാവശ്യമായും ചെയ്യേണ്ടത് ഒരു രഹസ്യ സര്‍വ്വേ നടത്തുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുയായികള്‍ക്കിടയിലും മാത്രം മതി. ശബരിമലയില്‍ പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കുന്നുണ്ടോ എന്നു മാത്രം ചോദ്യം മതി. പിന്നെ ഉത്തരം ആശങ്കപ്പെടുത്തുന്നതാണെങ്കില്‍ ഒരു ചോദ്യം കൂടിയാകാം. അടുത്ത വോട്ട് സിപിഎമ്മിന് തന്നെ അല്ലേ എന്ന്….അപ്പോള്‍ മനസിലാകും സഖാക്കളേ കേരളത്തിന്റെ രാഷ്ട്രീിയവും വിശ്വാസവും രണ്ടും രണ്ടാണെന്ന്. എന്തായാലും ലോക്‌സഭയിലും നിയമസഭയിലും നിലിവിലുള്ള അംഗബലം അപ്രത്യക്ഷമാകുന്ന കാഴ്ച്ച കാണാന്‍ കാത്തിരിക്കുക.
Post Your Comments