UAE

15 വർഷത്തെ പ്രവാസ ജീവിതം, ബാക്കിയായത് ആയിരം രൂപയും കടക്കാരുടെ പേരെഴുതിയ ലിസ്റ്റും

ഒരാൾക്ക് ജോലി ഗൾഫിലാണേൽ അയാൾ പൂത്ത പണക്കാരനാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ സ്വന്തം വീടും കുടുംബവും ചില സമയങ്ങളിൽ കൂടപ്പിറപ്പുകൾക്കുവേണ്ടി സ്വന്തം ജീവിതം തന്നെയും ഉപേക്ഷിച്ച് മണലാരണ്യത്തിൽ ജീവിതം ഹോമിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന പ്രവാസികൾ. എന്നാൽ പലരും അത് മനസിലാക്കാറില്ല എന്നതാണ് സത്യം.

നാട്ടിലെ കടക്കാരുടെ എണ്ണം കൂടി വരുമ്പോൾ പ്രവാസിളുടെ ആയുസും ആരോഗ്യവും കുറഞ്ഞു വരികയാണെന്ന് പലരും മനഃപൂർവം അങ്ങ് മറക്കുന്നു. അങ്ങനെ കൂടെപ്പിറപ്പുകൾക്കു വേണ്ടി വിദേശത്തെത്തിപ്പെട്ട് സ്വന്തം ജീവിതം തന്നെയും മറന്നു പോയ ഒരു വ്യക്തിയുടെ കരളലിയിക്കുന്ന ജീവിത കഥ പങ്കുവെയ്ക്കുകയാണ് ഫാസിൽ മൂസ എന്നൊരാൾ തന്റെ ഫേസ്ബുക്കിലൂടെ.

15വർഷമായി പ്രവാസം ജീവിതം നയിച്ച്, സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ച് അതിനു ശേഷവും വീട്ടിലെ കടബാധ്യതകൾ തീർക്കാനായി ജീവിതം നഷ്ടമായ ഒരു മലയാളിയുടെ ജീവിതമാണിത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

വെള്ളിയാഴ്ച്ച രാവിലെ പത്തുമണി ….. എമിറേറ്റ്സ്‌ റോഡ്‌ വഴി ഖസബ്‌ ഒമാനിലേക്കുള്ള പതിവ്‌ യാത്ര യിലായിരുന്നു ഞാൻ.. വെള്ളിയാഴ്ച്ച ആയത്‌ കാരണം റോഡ്‌ ഏറെ കുറെ വിജനമാണു, ഷാർജ്ജയുടെ അതിരും കടന്ന് അജ്മാൻ ഭാഗത്ത്‌ എത്തിക്കാണും ഒരാൾ വഴി അരികിൽ കൂടി നടന്നു കൊണ്ട്‌ എല്ലാ വണ്ടികൾക്കും കൈകാണിക്കുന്നത്‌ എന്റെ ശ്രദ്ധയിൽ പെട്ടു, ഞാൻ ഹോൺ മുഴക്കി അയാളുടെ ശ്രദ്ധക്ഷണിച്ചു കുറച്ച്‌ മുന്നോട്ട്‌ ‌ വണ്ടി ഒതുക്കി നിർത്തി, അയാൾ ഓടി വന്ന് വണ്ടിയിൽ കയറി, വണ്ടിയിൽ നിന്നുമുള്ള മലയാളപാട്ട്‌ കേട്ടുകൊണ്ടായിരിക്കാം വെള്ളമുണ്ടോ എന്ന് എന്നൊട്‌ മലയാളത്തിൽ ചോദിച്ചു , ഞാൻ വെള്ളം നൽകി, സംസാരത്തിൽ നിന്നും മലയാളിയാണു തിരുവനന്തപുരമാണു സ്ഥലം റാസൽ ഖൈമക്കാണു പോവേണ്ടത്‌ എന്നൊക്കെ മനസ്സിലാക്കി, കയ്യിൽ ഒരു മൊബൈൽ ഫോണു പോലും ഇല്ല , ഇയാൾ ഈ വിജനമായ സ്ഥലത്ത്‌ എങ്ങനെ വന്ന് പെട്ടു എന്ന അന്വേഷണം എന്റെ കണ്ണിൽ കണ്ണീർ പടർത്തി.

ഈ നാൽപത്തിനാലുകാരൻ 15 വർഷമായി പ്രവാസിയാണു, രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ച കടംവീട്ടി വരുന്നതിനിടയിൽ സ്വന്തം വിവാഹം സ്വപ്നം മാത്രമായി ഒതുങ്ങി, ഇടക്ക്‌ ജോലി സ്ഥലത്തുനിന്നും ഉണ്ടായ ഒരു മേജർ ആക്സിഡന്റിൽ ശരീരത്തിന്റെ മിക്ക സ്ഥലത്തും സ്റ്റീൽ റോഡുകൾ സ്ഥാനം പിടിച്ചു, പിന്നീട്‌ ഭാരിച്ച ജോലി ഒന്നും ചെയ്യാനാകാതെ ഒരു കമ്പനിയിൽ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു, അവിടേയുള്ള ജോലി നഷ്ട്ടപെട്ട്‌ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്ക്‌ മടങ്ങാൻ നേരം കയ്യിൽ ബാക്കിയുള്ള തുക പലിശക്കാർ വീതിച്ചപ്പോൾ ബാക്കിയായത്‌ ഇന്ത്യയുടെ ആയിരം രൂപയും നാട്ടിലെ കൊടുക്കാൻ ബാക്കിയുള്ള രണ്ടര ലക്ഷം രൂപയുടെ കടക്കാരുടെ പേരടങ്ങിയ ലിസ്റ്റും.

എന്നാൽ നാട്ടിൽ എത്താനുള്ള വഴിയും ഷാർജ്ജ എയർപ്പോർട്ടിൽ പോയപ്പോൾ അയാളുടെ മുന്നിൽ അടഞാണു കണ്ടത്‌ , കാരണം ജോലി ചെയ്ത കമ്പനിയുടെ ഒരു ഫൈൻ അടച്ചാൽ മാത്രമെ യാത്ര അനുവദിക്കുകയുള്ളൂ എന്ന് പറഞ്ഞു എമിഗ്രേഷൻ ഇയാളെ തിരിച്ചയച്ചു , അങ്ങിനെ ഷാർജ്ജ എയർപ്പോർട്ടിൽ നിന്നും കാൽ നടയായി റാസൽ ഖൈമക്ക്‌ പോകുമ്പോൾ 28 കിമി ഓളം പിന്നിട്ടപ്പോഴാണു എന്റെ ശ്രദ്ധയിൽ പെടുന്നത്‌, രാത്രി മുതൽ ആഹാരം ഒന്നും കഴിക്കാത്ത ക്ഷീണം അയാളിൽ കാണാമായിരുന്നു, ഒരു പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ലെങ്കിൽ ആ മരുഭൂമിയിൽ എവിടെയെങ്കിലും തൊണ്ട വറ്റി വീണുപോകുമായിരുന്ന ഒരു യുവാവ്‌, കയ്യിൽ കുറച്ച്‌ കശു വെച്ച്‌ കൊടുത്തപ്പോൾ ആദ്യം നിരസിച്ചുകൊണ്ടു പറഞ്ഞു എനിക്ക്‌ ഭക്ഷണം മാത്രം മതി കാശു വേണ്ടാന്ന്, പിന്നീട്‌ നിർബന്ധിച്ചപ്പോഴാണു സ്വീകരിച്ചത്‌.

ഇതുമൊരു ഗൾഫ്‌കാരന്റെ കഥയാണു, നാം കാണുന്ന പളപളപ്പുകൾക്കിടയിൽ ജീവിക്കുന്ന ജന്മങ്ങൾ , ഇവരും നമ്മുടെ കൂടപ്പിറപ്പുകളാണു , ഇങ്ങിനെയുള്ളവരെ കാണുമ്പോഴാണു നമുക്ക്‌ ദൈവം നൽകിയ മഹത്തായ അനുഗ്രഹങ്ങളെ പറ്റി നാം ശ്രദ്ധാലുവാകുക.

റാസൽ ഖൈമയിൽ കൂടെ ജോലി ചെയ്ത ആളുടെ അടുത്ത്‌ കൊണ്ട്‌ ചെന്നാക്കിയപ്പോൾ ആ രണ്ടു കണ്ണും നിറഞ്ഞൊഴുകി , ഒന്നും പറയാതെ നടന്നകന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button