KeralaLatest News

ശബരിമലയിലെ സ്ത്രീപ്രവേശം കൊണ്ട് ലിംഗനീതി ഉറപ്പാവില്ല; സുഗതകുമാരി

ആനകളും പുലികളുമൊക്കെയുള്ള ഒരു വനപ്രദേശം, അയ്യപ്പന്റെ പൂങ്കാവനമാണത്, എന്തിനാണ് ഇനിയുമവിടെ

തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശം കൊണ്ട് ലിംഗനീതി ഉറപ്പാവില്ലെന്ന് സുഗതകുമാരി. സര്‍ക്കാര്‍ എല്ലാവരേയും വിളിച്ച്‌ ക്ഷമാപൂര്‍വം സമവായത്തിന്റെ ഭാഷയില്‍ ചര്‍ച്ചനടത്തണം. വന്‍തോതിലുള്ള പൊലീസ് വിന്യാസം ശബരിമലയില്‍ ഒരിക്കലും സംഭവിക്കരുതാത്തതാണ്. ചര്‍ച്ചകള്‍ അത്യാവശ്യമാണ്. പ്രശ്നം ചെറുതല്ല, അതികഠിനമാണെന്നും സുഗതകുമാരി പറഞ്ഞു. ഇതാദ്യമായാണ് സുഗതകുമാരി ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ പ്രതികരിക്കുന്നത്.

സ്ത്രീകള്‍ക്കു കേരളത്തില്‍ വേറെ പ്രശ്നങ്ങളില്ലേ ? സുപ്രീംകോടതി എന്തെല്ലാം നിയമങ്ങള്‍ കൊണ്ടു വന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചോ ? ശബരിമല എന്നു പറയുന്നത് ഒരു ചെറിയ മലയാണ്. അതൊരു കടുവാ സംരക്ഷണ കേന്ദ്രമാണ്. നിരവധി ആനകളും പുലികളുമൊക്കെയുള്ള ഒരു വനപ്രദേശം. അയ്യപ്പന്റെ പൂങ്കാവനമാണത്. എന്തിനാണ് ഇനിയുമവിടെ നിരവധി ശൗചാലയങ്ങളും താമസസ്ഥലങ്ങളും നിര്‍മിക്കുന്നത്. സമവായത്തിന്റെ ഭാഷ സ്വീകരിച്ചു കൂടെ എല്ലാവര്‍ക്കും ? സമാധാനത്തിന്റേയും ക്ഷമയുടേയും പാത സ്വീകരിച്ച്‌ ഈ പ്രശ്നം പരിഹരിക്കണം. ശബരിമലയ്ക്കു താങ്ങാനാകാത്തതിലും അധികം കോടിക്കണക്കിനാളുകളാണ് അവിടേക്കു പോകുന്നത്. പുരുഷന്‍മാരേയും അവിടെ നിയന്ത്രിക്കണം. ശബരിമലയെ ഒരു മഹാനഗരമാക്കാനാണോ ഉദ്ദേശിക്കുന്നത് ?.

ലിംഗനീതിയുടെ പ്രശ്നമാണിതെന്നു തോന്നുന്നില്ല. മദ്യം, സ്ത്രീധനം തുടങ്ങിയ കാര്യങ്ങളില്‍ എന്തു ലിംഗനീതിയാണിവിടെ നടക്കുന്നത്. ? സ്ത്രീകള്‍ക്കെതിരെ എത്ര അക്രമങ്ങളാണ് നടക്കുന്നത് ?. ഒരു അമ്പലത്തില്‍ കയറിയാല്‍ സ്ത്രീകള്‍ക്കു വലിയ പദവി കിട്ടില്ല. സ്ത്രീകളും പുരുഷന്‍മാരും ശബരിമലയിലേക്ക് പോകാതിരിക്കുന്നതാണ് ഭേദം. കോടതിയോടു കുറച്ചു സമയം ചോദിക്കാന്‍ സര്‍ക്കാരിനു സാധിക്കില്ലേയെന്നും സുഗതകുമാരി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button