KeralaLatest News

സുഹൃത്തുക്കളായ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പ്; പോലീസിന്റെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നത്

ജീവിതത്തിന്റെ നിരര്‍ഥകത വിവരിക്കുന്ന ഗ്രൂപ്പുകളും പേജുകളും സമൂഹമാധ്യമങ്ങളില്‍ ഇവര്‍ സ്ഥിരമായി പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

വയനാട്: സുഹൃത്തുക്കളായ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പെന്ന് പോലീസ് നിഗമനം. കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവന്‍ സുബൈര്‍ – റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) ഷമ്മാസിന്റെ ഉറ്റ സുഹൃത്തായ കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (17) എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ മരണത്തില്‍ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കമ്പളക്കാട് പൊലീസ് അന്വേഷണമാരംഭിച്ചത്.

ഇവരുടെ കൂട്ടുകാരില്‍ ചിലര്‍ വിഷാദ രോഗത്തിനു സമാനമായ മാനസികാവസ്ഥയിലെത്തിയതിലും അസ്വാഭാവികതയുണ്ടെന്നാണു പൊലീസ് പറയുന്നത്. ഈ കുട്ടികളുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്ന്, മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വം വിവരിക്കുന്ന ചില കൂട്ടായ്മകളില്‍ ഇരുവരും അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തിന്റെ നിരര്‍ഥകത വിവരിക്കുന്ന ഗ്രൂപ്പുകളും പേജുകളും സമൂഹമാധ്യമങ്ങളില്‍ ഇവര്‍ സ്ഥിരമായി പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ഇവരുടെ സുഹൃദ്‌സംഘത്തിലെ 13 പേര്‍ കൂടി ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടെന്ന് മുഹമ്മദ് ഷമ്മാസിന്റെ മറ്റു കൂട്ടുകാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷമ്മാസിന്റെ ബന്ധുവും കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായ ഹംസ കടവന്‍ പറഞ്ഞു. രണ്ടു പേരുടെയും ആത്മഹത്യാ രീതികളിലും സമാനതകളുണ്ട്. ഉച്ചത്തില്‍ പാട്ടു വച്ചതിനു ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്.

കൂട്ടുകാരന്‍ ആദ്യം ആത്മഹത്യ ചെയ്തപ്പോള്‍ ‘പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്’ എന്നാണ് രണ്ടാമന്‍ പോസ്റ്റിട്ടത്. ജീവനൊടുക്കിയതിന്റെ തലേ ദിവസം, ‘ഞാന്‍ മരിച്ചാല്‍ നീ എന്നെ കാണാന്‍ വരുമോ’ എന്ന് മറ്റൊരു സുഹൃത്തിന് വാട്‌സാപ് സന്ദേശം അയയ്ക്കുകയും ചെയ്തു. വിഷാദരോഗത്തിലേക്കു നയിക്കുന്ന സംഗീത ആല്‍ബങ്ങളുടെ ആരാധകരായിരുന്നു ജീവനൊടുക്കിയ കുട്ടികള്‍ എന്നും സൂചനയുണ്ട്.

മുഹമ്മദ് ഷെബിന്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് പനമരം സ്വദേശിയായ വിദ്യാര്‍ഥി കട്ടാക്കാലന്‍ മൂസയുടെ മകന്‍ നിസാം(16) വീടുവിട്ടിറങ്ങി മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിച്ചിരുന്നു. സ്‌കെച്ച് പെന്‍ ഉപയോഗിച്ച് 5 പേരുകള്‍ ചുമരില്‍ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ. സംഘത്തിലെ മറ്റു കുട്ടികളെ കണ്ടെത്തി മനഃശാസ്ത്രജ്ഞരുടെയും അധ്യാപകരുടെയും സഹായത്തോടെ കൗണ്‍സലിങ് നല്‍കാനുള്ള തീരുമാനത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button