KeralaLatest News

അപകടത്തില്‍ പരിക്കേറ്റ ആൾക്ക് ചികിത്സ നിഷേധിച്ചാല്‍ ഡോക്‌ടര്‍ക്ക് ഇനി എട്ടിന്റെ പണി

രോഗിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ അടിയന്തര ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: ഇനി അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗിക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ല. രോഗിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ അടിയന്തരമായ ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കും. ചികിത്സിക്കാന്‍ വിസമ്മതിക്കുന്ന ഡോക്ടര്‍ക്ക് ഒരുവര്‍ഷം തടവും 25,000 രൂപ വരെ പിഴയും .

ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷന്‍ തയ്യാറാക്കിയ ബില്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതോടെ കേസ് ഭയന്നും ചെലവ് വഹിക്കാന്‍ മടിച്ചും അപകടങ്ങളില്‍ പരിക്കേറ്റവരെ ഏറ്റെടുക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് പറയാനാവില്ല.

കഴിഞ്ഞവര്‍ഷം ചാത്തന്നൂരില്‍ അപകടത്തില്‍പ്പെട്ട നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവമാണ് ബില്ല് തയ്യാറാക്കാന്‍ പ്രേരകമായത്. മുരുകന് കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ നിഷേധിച്ചെന്നായിരുന്നു ആരോപണം. ആശുപത്രികള്‍ ഏറ്റെടുക്കാതെ ഏഴരമണിക്കൂറോളം ആംബുലന്‍സില്‍ കിടന്ന മുരുകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബില്ലിലെ നിര്‍ദ്ദേശങ്ങള്‍

അടിയന്തര ചികിത്സ വേണ്ട രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉടമകള്‍ വിസമ്മതിച്ചാല്‍ ഒരുവര്‍ഷം തടവും 25,000 രൂപ വരെ പിഴയും

റോഡപകടങ്ങളും അടിയന്തര പ്രസവ ചികിത്സയും അത്യാഹിതചികിത്സയുടെ നിര്‍വചനത്തില്‍ വരും

നഴ്സിംഗ് ഹോമുകള്‍ മുതല്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വരെ നിയമത്തിന്റെ പരിധിയില്‍
ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ ചികിത്സാ സഹായപദ്ധതി തുടങ്ങണം. ആശുപത്രികള്‍ക്കും ആംബുലന്‍സിനും ചെലവായ തുക ഈ പദ്ധതി വഴി നല്‍കണം

അത്യാഹിത ചികിത്സയ്‌ക്കായി ആശുപത്രികള്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. നല്‍കിയ ചികിത്സ, പരിശോധന, ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും രജിസ്റ്ററില്‍ ഉണ്ടാകണം

അടിയന്തര ചികിത്സയ്‌ക്ക് സൗകര്യമില്ലെങ്കില്‍

രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് അയയ്‌ക്കുന്നത് ഡോക്ടറുടെ ചുമതലയായിരിക്കും

ഇതിന് മതിയായ കാരണം രേഖപ്പെടുത്തണം. രോഗിയുടെ സമ്മതപത്രം വാങ്ങണം.

അത്യാഹിത വിഭാഗത്തില്‍ എത്തിച്ച രോഗിക്കും, ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും അപകടമില്ലെന്ന് ഉറപ്പാക്കിവേണം മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍.

ജീവന്‍ നിലനിറുത്താന്‍ കഴിയുന്നത് ചെയ്‌തെന്ന് ഉറപ്പാക്കി വേണം ആശുപത്രിമാറ്റം.

പരിശോധന, നല്‍കിയ ചികിത്സ തുടങ്ങി എല്ലാ രേഖകളും പ്രത്യേക റിപ്പോര്‍ട്ടും സഹിതമാകണം രോഗിയെ കൊണ്ടുപോകേണ്ടത്.

സ്വന്തം ആംബുലന്‍സ് ഇല്ലെങ്കില്‍ സ്വകാര്യ ആംബുലന്‍സിന്റെയോ ഏജന്‍സികളുടെയോ പൊലീസിന്റെയോ സഹായം തേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button