Kerala

എങ്ങിനെയാണ് നാം നാമായതെന്ന് കുട്ടികളെ പഠിപ്പിക്കണമെന്ന് മുഖ്യമന്ത്രി

എങ്ങിനെയാണ് നാം നാമായതെന്ന നാടിന്റെ പഴയ കാല ചരിത്ര, സാമൂഹ്യപാഠങ്ങൾ അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം ഗ്രാമപഞ്ചായത്ത് ദേശീയ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച ഇ.കെ. നായനാർ സ്മാരക ഓപൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പണ്ട് ഒരു കൂട്ടർക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. പ്രക്ഷോഭങ്ങളുടെ ഫലമായാണ് എല്ലാവർക്കും വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചത്. കേരളത്തിലെ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യൻകാളി എന്നിവരെല്ലാം വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിയവരായിരുന്നു. നമ്മുടെ പൊതുവിദ്യാലയങ്ങൾ നാടിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.

സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി സ്‌കൂളുകളിൽ കുട്ടികൾ വർധിച്ചത് യാദൃച്ഛികമല്ല. ഈ പ്രതികരണം നിലനിർത്താൻ കഴിയുക പ്രധാനമാണ്. സംസ്ഥാനത്തെ 4775 സ്‌കൂളുകളിൽ 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി കഴിഞ്ഞു. 10,000 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ഐ.ടി ലാബുകൾ സ്ഥാപിക്കുന്ന പ്രവർത്തനം നടന്നുവരുന്നു. ഹൈടെക് ക്ലാസ് എടുക്കുന്ന ഒരു ലക്ഷം അധ്യാപകർക്കാണ് പരിശീലനം നൽകിയത്. സ്‌കൂളുകൾ തമ്മിലുള്ള നെറ്റ്‌വർക്ക് സ്ഥാപിച്ച് വിദ്യാഭ്യാസ പരിപാടികൾ, വിദ്യാഭ്യാസ വാർത്ത എന്നിവ പ്രക്ഷേപണം ചെയ്യാനുള്ള നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്താകെ 1,000 സ്‌കൂളുകളെയാണ് മികവിന്റെ കേന്ദ്രമാക്കുന്നത്. ആദ്യഘട്ടമായി 141 സ്‌കൂളുകളിൽ അഞ്ച് കോടി രൂപ വീതവും 229 സ്‌കൂളുകളിൽ മൂന്ന് കോടി രൂപ വീതവും മുതൽമുടക്കിയുള്ള അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ വർഷം ആകെ 370 സ്‌കൂളുകളിലായി 1392 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുക. അടുത്ത വർഷം ആദ്യം ഈ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. നവീകരിച്ച ക്ലാസ് റൂം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ടി.ടി. റംല, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകൻ, കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. ഷബ്‌ന, ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.കെ. അബൂബക്കർ, കോട്ടയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുധാകരൻ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷരായ സി. രാജീവൻ, എം. ധർമ്മജ, സി. ലത, വാർഡ് മെംബർ എം. സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ എം മോഹനൻ, പി. ജാനകി ടീച്ചർ, കെ.പി. നസീർ, കൂത്തുപറമ്പ് എ.ഇ.ഒ സി.ഉഷ, ബി.പി.ഒ അജിത്ത് കുമാർ, കക്ഷി നേതാക്കളായ കെ. മനോഹരൻ, പി പി അശോകൻ, എൻ. ബാലൻ, യു.വി. മൂസ, പി.ടി.എ പ്രസിഡൻറ് ടി.കെ. ഖാദർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എൻ. മഞ്ജുഷ, സ്‌കൂൾ പ്രിൻസിപ്പൽ രാജൻ, ഹെഡ്മിസ്ട്രസ് ഗീത എറോത്ത് എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button