പത്തനംതിട്ട: തിയറ്ററിനുള്ളിൽ കുഞ്ഞു കരഞ്ഞതിന് യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു. പത്തനംതിട്ട നന്നുവക്കാട് കൂവപ്പള്ളില്‍ പി.എസ്. ഏബ്രഹാം (40), മേരി ജോണ്‍ (34) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്നലെ രാത്രിയില്‍ എട്ടരയോടെ നഗരത്തിലെ തിയറ്ററിലാണ് സംഭവം. സിനിമ കാണുന്നതിനിടെ ഏബ്രഹാമിന് ഒപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞു. ഇടവേള സമയത്ത് ഇത് യുവാക്കളില്‍ ഒരാള്‍ ചോദ്യം ചെയ്ത് ഏബ്രഹാമിനെ അടിച്ചു വീഴ്ത്തി. തുടര്‍ന്ന് കൂടെയുള്ളവരും ഇയാളെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് തടസ്സം പിടിക്കാനെത്തിയ മേരി ജോണിനെയും ഇവര്‍ ആക്രമിച്ചു.
സംഭവം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെയും ഇവര്‍ അടിച്ചുവീഴ്ത്തി. ബഹളം കണ്ട് കാണികള്‍ അക്രമികളെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിച്ചു സ്ഥലത്ത് എത്തിയ പൊലീസിനു നേരെയും ഇവര്‍ കയ്യേറ്റശ്രമം നടത്തി. കൊല്ലം ഉമയനല്ലൂര്‍ സ്വദേശികളായ കുമാരസദനം ബൈജു (37), രാജേഷ് ഭവന് രാജേഷ് (32), വിമലവിലാസം ബിജു (33), കിരണ്‍നിവാസ് കിരണ്‍ കെ. നായര്‍ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരാണ്. അടിയേറ്റ ദമ്ബതികള്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
Post Your Comments