Latest NewsNews

ഐജി മനോജ് ഏബ്രഹാമിനും ശ്രീജിത്തിനുമെതിരെ കേസെടുക്കണം : ബിജെപി

പത്തനംതിട്ട: അയ്യപ്പഭക്തന്‍ പന്തളം സ്വദേശി ശിവദാസന്‍ ആചാരിയുടെ മരണത്തില്‍ ഐജിമാരായ മനോജ് ഏബ്രഹാം ശ്രീജിത്ത് എന്നിവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂട്ടുപ്രതികളാണ്. നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും ഒക്‌ടോബര്‍ 22 വരെ നിരോധനാജ്ഞ നിലനിന്നിരുന്നു.

ആ ദിവസങ്ങളില്‍ പോലീസ് അറിയാതെ അവിടെ ഒന്നും സംഭവിക്കില്ല. അതിനാല്‍ ശിവദാസന്‍ ആചാരിയുടെ മരണത്തിന്റെ ഉത്തരവാദത്തില്‍ നിന്ന് പോലീസിനും സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് പോലീസിന്റെ പ്രവൃത്തികള്‍. പിണറായി സര്‍ക്കാര്‍ സെല്‍ഭരണമാണ് നടപ്പാക്കുന്നത്.

ശബരിമല പൂങ്കാവനത്തില്‍ പോലീസ് തേര്‍വാഴ്ച തുടരുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ മറവില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അയ്യായിരത്തിലേറെ ഭക്തരെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് ആളുകളെ ജയിലിലടച്ചു. എന്നാല്‍ ശിവദാസനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറായില്ല.ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രാഥമിക അന്വേഷണം നടത്താന്‍ പോലും തയ്യാറായില്ല.

പോലീസിന്റെ ഭാഗത്തുനിന്ന് അലംഭാവവും കൃത്യ വിലോപവും ഉണ്ടായി എന്നത് വ്യക്തമാണ്. മരണം സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.ഇത് ഉന്നയിച്ച്‌ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവുകയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button