ദാന്ദേവാഡ ജില്ലയില്‍ ആരന്‍പൂര്‍ ഗ്രാമത്തില്‍ നടന്ന നക്‌സല്‍ അക്രമണത്തില്‍ ദൂരദര്‍ശന്റെ ക്യാമറാമാന്‍ അച്യുതാനന്ദ് സാഹുവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് നക്‌സലുകളുടെ പ്രസ്താവന. മാധ്യമ സംഘത്തെ അല്ല തങ്ങള്‍ ഉന്നം വെച്ചതെന്നും അവരെ ഉപദ്രവിക്കാനുള്ള ഉദ്ദേശം തങ്ങള്‍ക്കില്ലായിരുന്നു എന്നും അവര്‍ പ്രസ്താവനയില്‍ കുറിച്ച്. അക്രമം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നക്‌സലുകള്‍ അക്രമ സംഭവത്തെ കുറിച്ച് പ്രതികരിച്ചുകൊണ്ടുളള കുറിപ്പ് പുറത്തിറക്കിയത്. ഒളിഞ്ഞിരുന്ന് അക്രമിക്കുന്നതിനിടയിലാണ് ക്യാമറമാന്‍ കൊല്ലപ്പെട്ടതെന്നും കുറിപ്പില്‍ വ്യക്തമാക്കി.
അക്രമത്തില്‍ ക്യാമറാമാനെ കൂടാതെ രണ്ടു പോലീസുകാര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. കൂടാതെ മണിക്കൂറുകളോളം നീണ്ട് നിന്ന അക്രമണത്തില്‍ പരിക്കേറ്റ രണ്ട് ജവാന്‍മാര്‍ ഇപ്പോഴും ആശുപത്രിയിലാണ്.
തുടര്‍ന്ന് നക്‌സലുകളുടെ ഈ പ്രസ്താവനയ്ക്ക് എതിരെ പ്രതികരണവുമായി ദാന്ദേവാഡ എസ് പി അഭിഷേക് പല്ലവും രംഗത്തെത്തിയിട്ടുണ്ട്. അക്രമണത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നതിനാലാണ് അവര്‍ ഇത്തരം ഒരു ക്രൂരകൃത്യം ചെയ്തതെന്നും ആക്രമണത്തിന് ശേഷം നക്‌സലുകള്‍ ക്യാമറ കൊള്ളയടിച്ചെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ അച്യുതാനന്ദ് സാഹുവിന്റെ ശരീരത്തില്‍ ഒന്നില്‍ കൂടുതല്‍ ബുളളറ്റുകളും തലയോട്ടിയില്‍ ഗുരുതരമായ പരിക്കുകളും ഉണ്ടായതും അബദ്ധത്തില്‍ സംഭവിച്ചതോണോയെന്നും അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.
Post Your Comments