മീ ടു കാമ്പെയ്നിന് പിന്തുണയുമായി ലോകമെമ്പാടുമുള്ള ഗൂഗിള്‍ ജീവനക്കാര്‍ ജോലിസ്ഥലത്ത് നിന്നിറങ്ങി പ്രതിഷേധിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികപീഡനവും ജോലിസ്ഥലത്തെ ലിംഗവിവേചനവും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഏഷ്യയില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് യൂറോപ്പിലേക്കും വടക്കേ അഫ്രിക്കയിലേക്കും വ്യാപിക്കുകയായിരുന്നു. ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ സേര്‍ച്ച് എന്‍ജിന്റെ കാലിഫോര്‍ണിയയിലെ മൗണ്ടെയ്ന്‍ വ്യൂ ഹെഡ് ക്വാര്‍ട്ടേഴ്സ് വരെ അതെത്തി. ഗൂഗിള്‍ കരാര്‍ തൊഴിലാളികളും ജീവനക്കാരും പങ്കെടുക്കുന്ന പ്രതിഷേധത്തിന് തുടക്കം കുറിച്ചത് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഒരു റിപ്പോര്‍ട്ടായിരുന്നു.
ലൈംഗിക പീഡനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ഡി റൂബിന് എക്സിറ്റ് പാക്കേജായി ഗൂഗിള്‍ 2014 ല്‍ 90 ദശലക്ഷം ഡോളര്‍ നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തനിക്ക് നല്‍കിയ നഷ്ടപരിഹാരത്തുക പെരുപ്പിച്ച് പറയുകയാണെന്നായിരുന്നു റൂബിന്‍ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. അതേസമയം ഗൂഗിള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തു.
ഇത്തരത്തില്‍ ഒരുപാട് കഥകള്‍ കുറെനാളായി കേള്‍ക്കുന്നുണ്ടെന്നും ഇപ്പോള്‍ പ്രതികരിക്കേണ്ട സമയമാണെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അമേരിക്കക്ക് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ വര്‍ക്ക് സൈറ്റായ ഡബ്ലിന്‍ ഉള്‍പ്പെടെ 60 ശതമാനം ഓഫീസുകളും സമരത്തിന്റെ ഭാഗമായെന്നും സംഘാടകര്‍ ചൂണ്ടിക്കാണിക്കുന്നു. ലണ്ടന്‍, സൂറിച്ച്, ബെര്‍ലിന്‍, സിങ്കപ്പൂര്‍ എന്നിവയുള്‍പ്പെടെയുള്ള ഗൂഗിളിന്റെ ഓഫീസുകളില്‍ നിന്നും ജീവനക്കകാര്‍ പുറത്തിറങ്ങി സമരത്തിന് പിന്തുണ നല്‍കി. ഇതിന്റെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളുടെ അവകാശമാണ് ജീവനക്കാരുടെയും അവകാശം എന്ന മുദ്രാവാക്യവുമായി ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ പിന്തുണച്ച് നീല റിബണുകളുമായാണ് മിക്കവരും സമരത്തിനെത്തുന്നത്.
Post Your Comments