ArticleLatest News

ആ തണുത്ത ഡിസംബറില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മയുണ്ടോ മുഖ്യമന്ത്രിക്ക്

പ്രളയക്കെടുതികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഗള്‍ഫ് മലയാളികളുടെ സഹായം തേടിപ്പോയ മുഖ്യമന്ത്രി പിണറായി വിജയനെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കണമെന്ന് പ്രവാസിമലയാളികളില്‍ ചിലര്‍ ആവശ്യപ്പെടുന്നു. 2016 ഡിസംബര്‍ 23 ന് ദുബായ് മീഡിയ സിറ്റി ആംറി തീയേറ്ററില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ ആയിരക്കണക്കിന് വരുന്ന മലയാളികളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ അദ്ദേഹത്തെ ഒന്നു കൂടി ഓര്‍മ്മിപ്പിക്കാം.

  • ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസിക്ക് ആറുമാസത്തെ ശമ്പളം
  • അടിയന്തര ചികിത്സക്കായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സംവിധാനം
  • കേസുകളില്‍പ്പെടുന്ന പ്രവാസിക്ക് നിയമസഹായത്തിനായി അഭിഭാഷക പാനല്‍
  • പ്രായമായവര്‍ക്കായും ശാരീരികമായി അയോഗ്യത സംഭവിച്ചവര്‍ക്കുമായി സ്പഷ്യെല്‍ പെന്‍ഷന്‍ പദ്ധതി
  • പ്രവാസികള്‍ക്കായി ജോബ് പോര്‍ട്ടല്‍
  • ജോലി കിട്ടുമെന്ന പ്രതീക്ഷയിലെത്തി ഒന്നുമാകാതെ തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസം .
  • മലയാളം പഠിപ്പിക്കാനായി ഗള്‍ഫ് നാടുകളില്‍ കേരള പബ്ലിക് സ്‌കൂളുകള്‍
  • പൊതുസ്വകാര്യ പങ്കാളിത്തത്തോടെ റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പുകള്‍
  • തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഹോസ്റ്റലുകള്‍

മുഖ്യമന്ത്രി ആയതിന്റെ ആവേശത്തില്‍ അന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കുമെവന്നതിനെക്കുറിച്ചൊന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്നുതന്നെ ഇക്കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു താനും. ഈ പ്രഖ്യാപനങ്ങള്‍ എത്രമാത്രം പ്രായോഗികമാണെന്ന സംശയം അവര്‍ പങ്കുവയ്ക്കുകയും ചെയ്തു. ഗള്‍ഫിലെ സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയോടെ നടപ്പിലാക്കേണ്ട കാര്യങ്ങളാണ് ഒരു കൂടിയാലോചനയുമില്ലാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.സംസ്ഥാനത്തിന്റെ ഖജനാവിന്റെ കനം കുറയ്ക്കുന്ന വന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച പിണറായി വിജയന്‍ പ്രവാസികളുടെ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് അയ്യായിരം രൂപയാക്കണമെന്ന അവരുടെ ദീര്‍ഘകാലാവശ്യം ഒരു പരിഗണനയും നല്‍കാതെ അന്ന് നിര്‍ദാക്ഷിണ്യം തള്ളുകയും ചെയ്തിരുന്നു.

പ്രവാസികള്‍ക്ക് സ്വന്തമായി വീട് വെയ്ക്കാന്‍ കഴിയുന്ന ഫാമിലി സിറ്റി ടൗണ്‍ഷിപ്പ് പദ്ധതിക്കായി ഷാര്‍ജ ഭരണാധികാരിയോട് സ്ഥലം ആവശ്യപ്പെട്ടതിനെക്കുറിച്ച് അന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. യുഎഇയില്‍ വിദേശികള്‍ക്ക് പൂര്‍ണ ഭൂഉടമസ്ഥാ അവകാശം നല്‍കില്ലെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ അതെങ്ങനെ പ്രാവര്‍ത്തികമാകും എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. യാതൊരു ഉറപ്പുമില്ലാത്ത ഒരു കാര്യമാണ് മുഖ്യമന്ത്രി പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതെന്ന് അന്ന് അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്നുതന്നെ വ്യക്തമായി. നിങ്ങള്‍ക്കെന്തിനാണ് ആശങ്കയെന്നും ഞാന്‍ ചോദിച്ചു അവര്‍ക്ക് പറ്റുമെങ്കില്‍ തരട്ടെ എന്നുമായിരുന്നു ആ ചോദ്യത്തിനുള്ള ഉത്തരം.

നിറഞ്ഞ കയ്യടിവാങ്ങിച്ച് പ്രവാസികളെ പറ്റിച്ചുപോയ മുഖ്യമന്ത്രി ഇവയില്‍ ഒന്നുപോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നാണ് പ്രവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. അതേസമയം 2017 ല്‍് വീണ്ടും ഗള്‍ഫ് സന്ദര്‍ശനത്തിന് എത്തിയ മുഖ്യമന്ത്രി പഴയ വാഗ്ദാനങ്ങള്‍ പൊടിതട്ടിയെടുത്ത് ആവര്‍ത്തിച്ചു. പ്രവാസികള്‍ കാലങ്ങളായി ഉന്നയിക്കുന്ന യാത്രാക്കൂലി പ്രശ്‌നത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും അന്ന് വ്യക്തമാക്കി. അുപോലെ തന്നെ യാത്രാ ദുരിതം പരിഹരിക്കാന്‍ ഉതകുന്ന എയര്‍ കേരള പദ്ധതി ഇടത് സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കുകയും ചെയ്തു.

പിന്നീട് പ്രളയം വിഴുങ്ങിയ കേരളത്തിന്റെ നവനിര്‍മാണത്തിനായി പ്രവാസികളുടെ സഹായം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി വീണ്ടും ഗള്‍ഫിലെത്തി. അങ്ങോട്ടൊന്നും നല്‍കാമെന്ന വലിയ പ്രഖ്യാപനങ്ങളില്ലാതെ വാഗ്ദാനം ചെയ്ത ക്ഷേമപദ്ധതികളെക്കുറിച്ച് മിണ്ടാതെ ആ സന്ദര്‍ശനം. പക്ഷേ വലിയൊരു തുക കിട്ടുമെന്ന സ്വപ്‌നമുണ്ടായിരുന്നു മുഖ്യമന്ത്രിക്ക്. എന്തായാലും അതൊന്നും ഓര്‍മ്മിപ്പിക്കാനും ആരുംമുന്‍കൈ എടുത്തില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധി പ്രവാസികള്‍ വേദിയില്‍ പ്രളയകേരളത്തിനുള്ള സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രളയം തകര്‍ത്ത കേരളത്തിന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറെന്ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

എന്തായാലും പാവം സാധാരണക്കാരായ പ്രവാസി മലയാളികള്‍ക്ക് അദ്ദേഹം വാഗ്ദാനം ചെയ്ത പദ്ധതികളില്‍ എത്രയെണ്ണം നടപ്പിലാക്കിയെന്ന് കൂടി ആ ധനസമാഹരണ യജ്ഞവേദിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കേണ്ടിയിരുന്നു. ഇനി എന്തെങ്കിലും നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ തന്നെ തങ്ങള്‍ക്ക് അത് അറിയില്ലെന്നാണ് പ്രവാസി തൊഴിലാളികള്‍ പറയുന്നത്. അതുകൊണ്ട് 2016 ലെ ആ തണുത്ത ഡിസംബറില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ആ പാവങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് വല്ലതും നടപ്പിലായെങ്കില്‍ അവരെ ഒന്നറിയിക്കുക. തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലെത്തിയ പ്രവാസി മലയാളികള്‍ക്ക് മറ്റൊരു തൊഴില്‍ ലഭിക്കുന്നതുവരെ നല്‍കുമന്നെ്് പറഞ്ഞ താത്കാലി സഹായം തൊഴില്‍ നഷ്ട സുരക്ഷ വാങ്ങിത്തുടങ്ങിയവരുണ്ടെങ്കില്‍ അവരും അക്കാര്യങ്ങള്‍ അത് ലഭിക്കാത്തവരെ ഒന്നറിയിക്കുമല്ലോ…

shortlink

Related Articles

Post Your Comments

Related Articles


Back to top button