റോം: വത്തിക്കാൻ എംബസിയിൽ നിന്ന് കണ്ടെടുത്ത അസ്ഥികൂടം 35 വര്‍ഷം മുൻപ് കാണാതായ പെണ്കുട്ടികളുടേതാണെന്ന അഭ്യൂഹം ശക്തം. 1983ല്‍ എമന്വേല ഒര്‍ലാന്‍ഡി, മിറെല ഗ്രിഗോറി എന്നിവരെയാണ് കാണാതായത്. ഒന്നര മാസത്തെ ഇടവേളയിലായിരുന്നു ഇവരുടെ തിരോധാനം.കെട്ടിടത്തില്‍ നിന്നും ലഭിച്ച അസ്ഥികള്‍ ഇവരില്‍ ആരുടെയെങ്കിലുമാണോ എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇറ്റലിയിലെ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
എംബസി സമുച്ചയത്തിന്റെ അനുബന്ധ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനിടെയാണ് ജോലിക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനാണ് സംഭവം പുറത്ത് വിട്ടത്. ദുരൂഹ സാഹചര്യത്തിലാണ് എമന്വേലയേയും മിരെലയേയും കാണാതാകുന്നത്.കണ്ടെത്തിയ അസ്ഥികളുടെ പഴക്കവും കെട്ടിടം നിര്‍മ്മിച്ച സമയവും ഒക്കെ കണക്കാക്കിയാല്‍ ഇവരുടെ അസ്ഥികള്‍ തന്നെയാകാനാണ് സാധ്യതയെന്നും സൂചനയുണ്ട്.
എമന്വവേല വത്തിക്കാന്‍ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകളാണ്. കടും പച്ച നിറത്തിലുള്ള ബിഎംഡബ്ല്യു കാറിലാണ് എമന്വവേലയെ അവസാനമായി കണ്ടതെന്നും സൂചനയുണ്ട്. സംഗീത പഠനത്തിനായി വീട്ടില്‍ നിന്നിറങ്ങിയ എമന്വേല ആവണ് കോസ്മെറ്റിക്സ് എന്ന സ്ഥാപനത്തിന്റെ പ്രതിനിധിയെ കാണാന്‍ പോകുന്നുവെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.മാത്രമല്ല ഈ കുട്ടിയെ ലൈംഗിക അടിമയായി ഉപയോഗിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല. ഊഹാപോഹങ്ങള്‍ എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്.
Post Your Comments