KeralaLatest News

അത്ഭുതമായി നെയ്യാറ്റിന്‍കരയിലെ ഭീമന്‍ ശിവലിംഗം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തോടനുബന്ധിച്ചു നിര്‍മ്മാണത്തിലിരിക്കുന്ന ശിവ ലിംഗത്തിന്റെ ഉയരവും വ്യാപ്തിയും കേട്ടാല്‍ എല്ലാവരുടെയും കണ്ണ് തള്ളും. 11 നില കെട്ടിടത്തിന്റെ ഉയരമുണ്ട് ഈ ശിവലിംഗത്തിന്. കൂടാതെ അത്രതന്നെ ചുറ്റളവും. ശിവലിംഗത്തിനുള്ളില്‍ ഏറ്റവും മുകളിലായി കൈലാസം സ്ഥിതി ചെയ്യുന്നു. ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കും കൈലാസത്തിലേക്ക് പോകാന്‍ ശിവലിംഗത്തിന്റെ ഉള്‍ഭിത്തി ചുറ്റി കയറുന്ന ഗുഹാമാര്‍ഗത്തിലുള്ള നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. ഉള്ളില്‍ ആകെ 8 നിലകളാണ് ഉള്ളത്. ആദ്യ നിലയില്‍ ശിവപ്രതിഷ്ഠയാണ് കൂടാതെ ഇവിടെ സന്ദര്‍ശകര്‍ക്ക് സ്വയം പ്രതിഷ്ഠയില്‍ അഭിശേകം ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. അതിനു ശേഷം 6 ധ്യാനമണ്ഡപങ്ങളും കടന്നു എട്ടാം നിലയിലാണ് കൈലാസേശ്വരനായും പര്‍വതീസമേതനായും ശിവഭഗവാന്‍ സ്ഥിതിചെയ്യുന്നത്.

111 അടിയുള്ള ഈ ശിവലിംഗമാണ് ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയത് എന്ന് കരുതപ്പെടുന്നത്. പുതു വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നിര്‍മ്മാണങ്ങള്‍ പൂര്‍ണമായും പൂര്‍ത്തികരിച്ച സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാനാണ് നിലവില്‍ തീരുമാനമെന്ന് ക്ഷേത്ര മഠധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞു. 2012 മെയ് മാസത്തില്‍ ആരംഭിച്ച ശിവലിംഗത്തിനു ഇനി കൊത്ത് പണികള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. നിര്‍മ്മാണം ആരംഭിക്കുന്നതിനു മുന്‍പേ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഈ ശിവലിംഗത്തിന്റെ രൂപ കല്പന തയ്യാറാക്കിയത്. കൂടാതെ ക്ഷേത്രത്തിലെ വായു കോണിലെ ശിവലിംഗ നിര്‍മ്മാണത്തിനു അടിസ്ഥാനമായി വിവിധ പുണ്യസ്ഥലങ്ങളിലെ മണ്ണും ത്രിവേണി സംഗമം ഉള്‍പ്പെടെ പുണ്യതീര്‍ത്ഥങ്ങളിലെ ജലവും ദശപുഷ്പങ്ങളും പഞ്ചലോഹങ്ങളും അഷ്ട ധാന്യങ്ങളും പഞ്ചഭൂത ക്ഷേത്രങ്ങളില്‍ നിന്നുള്ള പ്രസാദവും 64 ദിവ്യ ഔഷധങ്ങളും ഒന്നിച്ചു ചേര്‍ത്തുള്ള കൂട്ടായിരുന്നു ഉണ്ടാക്കിയിരുന്നത്.

അതെ സമയം പ്രസിദ്ധമായ ഈ ശിവപാര്‍വതി ക്ഷേത്രത്തിലെ അതി പ്രസിദ്ധമായ ശിവലിംഗ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുമ്പോള്‍ ക്ഷേത്രത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സമ്മര്‍ദ്ദം ചെലുത്തുമെന്ന് എം പി. വി മുരളീധരന്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button