Latest NewsKeralaIndia

തലപ്പാറ വേലന്റെ അനന്തരാവകാശികളെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നു : മലയരയ വിഭാഗത്തിലെ സ്ത്രീകള്‍ സഹായം തേടി കൊട്ടാരത്തില്‍

പത്തനംതിട്ട: നിലയ്ക്കല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത മലയരയ വിഭാഗത്തിലെ യുവാക്കളുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍ പന്തളം കൊട്ടാരത്തിലെത്തി. ശബരിമലയുമായി ബന്ധപ്പെട്ട് തലപ്പാറ വേലന്റെ അനന്തരാവകാശികളായ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നതായാണ് സ്ത്രീകളുടെ പരാതി.

നിലയ്ക്കലില്‍ നാമജപയജ്ഞം നടത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തരണ്ടു മലയരയ യുവാക്കളുടെ അമ്മമാരാണ് പന്തളം രാജപ്രതിനിധിയെ കണ്ടത്. ചിറ്റാര്‍ പാമ്പിനി പുതുപ്പറമ്പില്‍ ജയരാജ് (30), പാമ്പിനി മാമ്മൂട്ടില്‍ അഭിലാഷ് (32) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് ചീഫിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കിയ ശേഷം പൂജപ്പുര ജയിലില്‍ റിമാന്‍ഡു ചെയ്തു.

യുവാക്കളെ കാണാതായതിനെത്തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞത്.ജയരാജിന്റെ അമ്മ തുളസീരാജും അഭിലാഷിന്റെ അമ്മ തങ്കമ്മയും ബന്ധുക്കളുമാണ് സഹായാഭ്യർത്ഥനയുമായി പന്തളം കൊട്ടാരത്തിലെത്തിയത്. ഇവർ ഇവിടെ കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ എന്നിവരെ കണ്ടു.

ഈ സമയം തിരുവിതാംകൂർ മഹാറാണി അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായിയും ശബരിമല കര്‍മ്മസമിതി സംസ്ഥാന സംയോജകന്‍ കെ. കൃഷ്ണന്‍കുട്ടിയും കൊട്ടാരത്തിൽ ഉണ്ടായിരുന്നു. ഇവരുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് അമ്മമാർ മടങ്ങിയത്. യുവാക്കളെ പുറത്തിറക്കാൻ ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് കൊട്ടാരം ഭാരവാഹികള്‍ ഇവരെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button