കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ നിന്ന് പിന്‍മാറുന്നില്ലെന്നും കെ.സുരേന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതോടെ കേസ് പരിഗണിക്കുന്നതു ഹൈക്കോടതി ഡിസംബര്‍ മൂന്നിലേക്കു മാറ്റിവച്ചു. കേസില്‍ കക്ഷി ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ വ്യാപക കള്ളവോട്ടു നടന്നുവെന്നാരോപിച്ചായിരുന്നു കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുര്‍ റസാഖിന്റെ തെരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു കെ. സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് കെ. സുരേന്ദ്രന്റെ വാദം.
മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.ബി. അബ്ദുര്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസില്‍നിന്നു പിന്മാറാനില്ലെന്ന നിലപാടു നേരത്തെ കെ. സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
Post Your Comments