തിരുവന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും വിടി ബല്‍റാം എംഎല്‍എം. പ്രളയാന്തര കേരള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് ബല്‍റാമിന്റെ അഭിപ്രായം. പാര്‍ട്ടി അടിമകളില്‍ നിന്ന് ലെവി പിരിക്കുന്ന മാതൃകയില്‍ ഭീഷണിപ്പെടുത്തി, ഷെയിം ചെയ്ത് സമ്മര്‍ദ്ദത്തിലാഴ്ത്തി സാലറി ചലഞ്ച് നടപ്പാക്കാന്‍ നോക്കിയതിതാണ് സര്‍ക്കാരിന് നോക്കിയതിനാലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാരിന് ഈ കനത്ത തിരിച്ചടി നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. അതേസമയം സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും കുറുപ്പില്‍ നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോമണ്‍സെന്‍സുള്ള ഒരു സര്‍ക്കാരാണെങ്കില്‍ പ്രളയാനന്തരം ചെയ്യുമായിരുന്നത്:
1) ആദ്യം പ്രളയത്തില്‍ സംസ്ഥാനത്തിന് വന്ന നാശനഷ്ടങ്ങളുടെ ഒരു ഏകദേശ കണക്കെടുത്ത് അത് ജനങ്ങളെ അറിയിക്കും. കിറുകൃത്യമായ കണക്കൊന്നും ഒറ്റയടിക്ക് തയ്യാറാക്കാന്‍ പറ്റില്ലായിരിക്കാം. എന്നാല്‍ ഒരു മന്ത്രി 20000 കോടി, വേറൊരു മന്ത്രി 40000 കോടി, പിന്നെയൊരാള്‍ 75,000 കോടി, ഇടക്കൊരാള്‍ 1,00,000 കോടി എന്നിങ്ങനെ വായില്‍ത്തോന്നിയ കൊട്ടക്കണക്ക് പറയാതെയെങ്കിലും ഇരിക്കും.
2) പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തേക്കുറിച്ചുള്ള ഒരു മാസ്റ്റര്‍ പ്ലാനിന്റേയും അതിനാവശ്യമായ തുകയുടേയും ഏതാണ്ട് ഒരു ചിത്രം ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കും. വീടുകള്‍ നിര്‍മ്മിക്കാന്‍ എത്ര കോടി, റോഡിന് എത്ര, മറ്റ് പൊതു സൗകര്യങ്ങള്‍ക്ക് എത്ര എന്നിങ്ങനെ വ്യത്യസ്ത മേഖലകളുടെ കാര്യത്തില്‍ പരമാവധി ഡീറ്റയില്‍സ് ലഭ്യമാക്കും.
3) ഈ തുക എങ്ങനെ കണ്ടെത്താനാണുദ്ദേശിക്കുന്നത് എന്നതിന്റെ ഏകദേശ ചിത്രവും സര്‍ക്കാര്‍ മുന്നോട്ടു വക്കും. അതായത് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്ര രൂപയുടെ സ്‌പെഷല്‍ പാക്കേജ് ആണ് പ്രതീക്ഷിക്കുന്നത്, സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കിയും മറ്റും എത്ര രൂപ കണ്ടെത്തും, വന്‍കിടക്കാരില്‍ നിന്ന് പിരിച്ചെടുക്കാന്‍ ബാക്കിയുള്ള നികുതി കുടിശ്ശിക അടക്കം എത്ര രൂപ സര്‍ക്കാര്‍ പ്രത്യേക ഇടപെടലിലൂടെ സമാഹരിക്കും, എത്ര രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയായി സമാഹരിക്കും എന്നിങ്ങനെ.
4) ഇനി മേല്‍പ്പറഞ്ഞ രീതിയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട ചെലവുചുരുക്കലും മറ്റും സ്വമേധയാ ചെയ്ത് ആത്മാര്‍ത്ഥത തെളിയിക്കും. ചുരുങ്ങിയ പക്ഷം പുതിയ മന്ത്രിമാരെ നിയമിച്ചും കാറ് വാങ്ങിയും ധൂര്‍ത്ത് നടത്താതെയെങ്കിലും ഇരിക്കും.
5) കേന്ദ്ര ഭരണകക്ഷി നേതാവിന്റെ ബോഡി മാസ് ഇന്‍ഡക്‌സും തടിയിലെ വെള്ളത്തിന്റെ അളവും പറഞ്ഞ് പോരാളി ഷാജി കളിക്കാതെ കേരളത്തിനവകാശപ്പെട്ട സ്‌പെഷല്‍ പാക്കേജ് കിട്ടിയേ തീരൂ എന്ന് മമത ബാനര്‍ജിയും ചന്ദ്രബാബു നായിഡുവുമൊക്കെ പറഞ്ഞ പോലെ ഒറ്റച്ചങ്കിന്റെ ചങ്കുറപ്പില്‍ പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ശക്തമായി ആവശ്യപ്പെടും. അത് നിരാകരിക്കപ്പെട്ടാല്‍ പ്രതിപക്ഷമടക്കം എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി ശക്തമായ കേന്ദ്ര വിരുദ്ധ സമരം നടത്തും.
6) ഇതെല്ലാം ചെയ്താലും ബാക്കി എതാണ്ട് ഇത്ര രൂപയുടെ കുറവുണ്ടെന്നും അതിന് പൊതുജനങ്ങളുടെ സഹായം ആവശ്യമുണ്ടെന്നും വിനയത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥന മുന്നോട്ടു വക്കും. ദുരുപയോഗ സാദ്ധ്യതയുണ്ടെന്ന് ഇതിനോടകം ബോധ്യപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം ജനങ്ങളുടെ ഈ സഹായം സ്വീകരിക്കാന്‍ സുതാര്യമായ ഒരു പ്രത്യേക അക്കൗണ്ട് രൂപീകരിക്കും. പ്രളയ നാളുകളില്‍ സര്‍ക്കാരും മറ്റാരും പറയാതെതന്നെ സ്വമേധയാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് എടുത്തു ചാടുകയും കയ്യിലുള്ളതിന്റെ പരമാവധി എടുത്ത് സഹായിക്കുകയും ചെയ്ത കേരളീയ സമൂഹം നവകേരള നിര്‍മ്മാണത്തിനും അവരുടേതായ പങ്ക് വഹിക്കും.
ഇങ്ങനെയൊന്നും ചെയ്യാതെ പാര്‍ട്ടി അടിമകളില്‍ നിന്ന് ലെവി പിരിക്കുന്ന മാതൃകയില്‍ ഭീഷണിപ്പെടുത്തിയും ഷെയിം ചെയ്ത് സമ്മര്‍ദ്ദത്തിലാഴ്ത്തിയും സാലറി ചലഞ്ച് നടപ്പാക്കാന്‍ നോക്കിയതിനാലാണ്
ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ഈ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യവും ധിക്കാരവും പിടിവാശിയുമാണ് മറ്റ് പല വിഷയങ്ങളിലുമെന്നപോലെ ഈ പ്രശ്‌നവും വഷളാക്കിയത്. ജനാധിപത്യത്തില്‍ ശരി ചെയ്താല്‍ മാത്രം പോരാ, ശരിയാണ് ചെയ്യുന്നത് എന്ന് സമൂഹത്തിലെ മഹാഭൂരിപക്ഷത്തേയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക കൂടി വേണം. വെല്ലുവിളികളും വെറുപ്പിക്കലുമല്ല, സമന്വയവും നയതന്ത്രവുമാണ് സര്‍ക്കാരുകളുടെ സ്വാഭാവിക രീതിയാവേണ്ടത്. ഒരു ജനാധിപത്യ സര്‍ക്കാരിന് നേതൃത്ത്വം നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.
Post Your Comments