തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസികളുടെ വികാരങ്ങൾക്ക് വില നൽകിയില്ലെങ്കിൽ കേരളത്തിലെ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത് പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് വി.മുരളീധരന്‍ എംപി. അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വന്ന പിശകാണെന്നും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വി.മുരളീധരന്‍. ഇതോടെ കണ്ണന്താനത്തിന്റെ വാദം പൊളിഞ്ഞു.
കണ്ണൂരില്‍ നടന്ന യോഗത്തില്‍ ദേശീയ അധ്യക്ഷന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് വി.മുരളീധരനാണ്. തനിക്ക് പരിഭാഷ നടത്തിയപ്പോള്‍ തെറ്റൊന്നും സംഭവിച്ചിട്ടില്ല. കണ്ണന്താനം പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും അതിന് സ്വാതന്ത്ര്യമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ പൊതുയോഗത്തില്‍ ശബരിമല വിഷയം പ്രതിപാദിച്ചപ്പോഴാണ് അമിത് ഷാ കേരളത്തിലെ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന പരാമര്‍ശം നടത്തിയത്. ഇതിനെതിരേ ഇടത് നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു.
Post Your Comments