കൊച്ചി: തന്നെക്കുറിച്ച് കളക്ടര്‍ ടി.വി. അനുപമ എഴുതിയ ഫയല്‍ കണ്ടപ്പോൾ ഉണ്ടായ വിഷമം മൂലമാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇനി തനിക്ക് മന്ത്രിസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം എറണാകുളത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ തനിയ്ക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്കിയ പരാതി കേസായി പരിഗണിക്കാനാവില്ലെന്നും തോമസ് ചാണ്ടി അവകാശപ്പെട്ടു. വക്കീലിന്റെ പിഴവു കൊണ്ടാണ് രാജിവെക്കേണ്ട സാഹചര്യമുണ്ടായതെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നു കാണിച്ച് ആലപ്പുഴ കലക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ട് കോടതിയിൽ എത്തിയിരുന്നു. ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടർ, അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം തോമസ് ചാണ്ടി ചെയ്തതായും കണ്ടെത്തി. ഇതേ തുടർന്ന് കോടതിയുടെ രൂക്ഷ വിമർശനത്തിനു വിധേയനായ അദ്ദേഹം തന്റെ മന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുകയായിരുന്നു പിന്നീട് ഗുരുതര ആരോപണങ്ങളുള്ള കലക്ടർ അനുപമയുടെ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും കോടതി ഇതും തള്ളി.
Post Your Comments