ജുബൈൽ: നവയുഗം സംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും ജുബൈൽ ഇസ്ലാമിക്ക് സെന്ററും കൈകോർത്തപ്പോൾ, നിയമക്കുരുക്കിൽപ്പെട്ട് ചികിത്സപോലും തേടാനാകാത്ത അവസ്ഥയിലായിരുന്ന തമിഴ്‌നാട് സ്വദേശി, നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി കലക്കമംഗലം സ്വദേശിയായ മുത്തു ഗണേശനാണ് ഏറെക്കാലം നീണ്ട നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വർഷത്തിന് മുൻപാണ് ജുബൈലിലെ ഒരു സൗദിയുടെ വീട്ടിൽ ഹൌസ് ഡ്രൈവർ വിസയിൽ വന്നത്. എന്നാൽ കാർപെന്ററിന്റെ പണിയാണ് സ്പോൺസർ നൽകിയത്. ആദ്യമൊക്കെ ശമ്പളം കൃത്യമായി നൽകിയിരുന്നു. എന്നാൽ ഇക്കാമയോ ഇൻഷുറൻസോ എടുത്തു കൊടുത്തില്ല. നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോർത്ത്, മറ്റു വഴിയൊന്നുമില്ലാത്തതിനാൽ മുത്തു ആ ജോലി തുടർന്നു.
ആറുമാസങ്ങൾക്ക് മുൻപ് മുത്തു രോഗബാധിതനായി. എന്നാൽ ഇക്കാമയോ ഇൻഷുറൻസോ ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോയി ചികിത്സിയ്ക്കാൻ കഴിഞ്ഞില്ല. സ്പോൺസറോട് ഇക്കാമ നൽകണമെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും, അയാൾ അവഗണിയ്ക്കുകയാണ് ചെയ്തത്. ചികിത്സിയ്ക്കാൻ വയ്യെങ്കിൽ നാട്ടിലേയ്ക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടും സ്പോൺസർ വഴങ്ങിയില്ല. ജുബൈൽ ഇസ്ലാമിക്ക് സെന്റർ സാമൂഹ്യപ്രവർത്തകനായ യാസിറിനോട് മുത്തു സഹായം അഭ്യർത്ഥിച്ചു. കേസ് ഏറ്റെടുത്ത യാസിർ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിനെ ബന്ധപ്പെട്ട് നിയമക്കുടുക്കിൽ നിന്നും മുത്തുവിനെ രക്ഷിയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
ഷിബുകുമാർ ഇന്ത്യൻ എംബസ്സി വഴി യാസിറിന് ഈ കേസിൽ ഇടപെടാൻ അനുമതിപത്രം വാങ്ങി നൽകി. ഇവരുടെ സഹായത്തോടെ മുത്തു ലേബർ കോടതിയിൽ കേസ് നൽകി. ആദ്യ രണ്ടുപ്രാവശ്യവും സ്പോൺസർ ഹാജരാകാത്തതിനെത്തുടർന്ന്, കോടതി ശക്തമായ വാണിങ് നൽകിയപ്പോള്‍ മൂന്നാമത്തെ പ്രാവശ്യം സ്പോൺസർ കോടതിയിൽ എത്തി. മുത്തുവിന് ഫൈനൽ എക്സിറ്റും, നാലുമാസത്തെ കുടിശ്ശികശമ്പളവും നൽകാൻ നൽകാൻ കോടതി സ്പോൺസറോട് ഉത്തരവിട്ടു. യാസിർ തന്നെ വിമാനടിക്കറ്റും നൽകി. നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവര്ക്കും നന്ദി പറഞ്ഞു മുത്തു ഗണേശൻ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments