തിരുവനന്തപുരം: സാലറി ചലഞ്ചില്‍ ബി.എം.സ് നേതൃത്വത്തിലുള്ള എന്‍.ജി.ഒ സംഘ് സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായ സുപ്രീം കോടതി വിധി ഇടതുസര്‍ക്കാരിനും ധനമന്ത്രിക്കും കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാഭിമാനം തകര്‍ക്കുന്ന വിസമ്മതപത്രത്തിനെതിരെ പരമോന്നത കോടതി വിധി പറഞ്ഞ പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക് രാജി വയ്ക്കണം. വിധി വന്നതിനെ തുടര്‍ന്ന് ഇനി സമ്മതപത്രം സമര്‍പ്പിച്ചിരുന്നവരില്‍ നിന്നും ധനം സമാഹരിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്.
ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സമ്മതപത്രം വിതരണം ചെയ്തിട്ടില്ല. ചില യൂണിയനുകള്‍ വിതരണം ചെയ്ത സമ്മതപത്രമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. നിര്ബന്ധമായി അത് പിരിക്കാനുള്ള അധികാരമോ അവകാശമോ ഇനി സര്‍ക്കാരിനില്ല.ഇനി സര്‍ക്കാരിന് അഭികാമ്യമായുള്ളത് മൊത്തം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ തന്നെ നേരിട്ട് വിതരണം ചെയ്ത് സമ്മതപത്രം പുതുതായി സ്വീകരിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടായിട്ടും സുപ്രീം കോടതിയെ സമീപിപ്പിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍വാശി ഇക്കാര്യത്തിലെങ്കിലും ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
അതെ സമയം വിസമ്മത പത്രം വേണമെന്ന വ്യവസ്ഥ ശരിയല്ലെന്നും ഇതൊരു വിചിത്രമായ നടപടിയാണെന്നും സുപ്രീം കോടതി പറഞ്ഞു. പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം സാലറി ചാലഞ്ചില്‍ നിന്നും പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. വിസമ്മത പത്രത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വേണമെങ്കില്‍ ഭേദഗതി കൊണ്ടുവരാമെന്നും സുപ്രീം കോടതി പറഞ്ഞു.
Post Your Comments